കണ്ണൂർ: മലബാറിലെ സുന്ദരമായ കടൽത്തീരങ്ങളിലൊന്നായ പയ്യാമ്പലത്ത് രാത്രിജീവിതം (നൈറ്റ് ലൈഫ്) സാധ്യമാക്കുന്ന വിധത്തിൽ ഒരുക്കിയെടുക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. ജില്ലയിൽ ഇത്തരത്തിൽ ഉല്ലസിക്കാനുള്ള സ്ഥലം ഇപ്പോഴില്ല. പയ്യാമ്പലത്ത് ഇതിനുള്ള സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. എല്ലാ ബീച്ചുകളും ശുചിത്വത്തോടെ നിലനിർത്തുന്നതിന് ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച ‘ശുചിത്വസാഗരം, സുന്ദര തീരം’ എന്ന പദ്ധതിയുടെ ചുവടുപിടിച്ചാണിത്. രാത്രി എത്ര വൈകിയും സുരക്ഷിതമായി സഞ്ചരിക്കാനും ഉല്ലസിക്കാനും പറ്റുന്ന വിധത്തിൽ പയ്യാമ്പലത്തെ മാറ്റിയെടുക്കുന്നതിന്റെ മുന്നോടിയായി പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കുന്നത്. ഇതിനായി 22-ന് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘാടകസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു.
കടൽക്കാഴ്ചകൾ കാണാനും കാറ്റ് കൊള്ളാനും ദിവസേന നൂറുകണക്കിനാളുകൾ പയ്യാമ്പലത്തെത്തുന്നുണ്ട്. എന്നാൽ അവർ ഉപേക്ഷിക്കുന്ന ഭക്ഷണസാധനങ്ങൾ പൊതിഞ്ഞ പ്ലാസ്റ്റിക്കും ഐസ് ക്രീം കപ്പുകളും ബീച്ചിൽ ഉപേക്ഷിച്ചുപോകുന്നത് വലിയ പാരിസ്ഥികിക പ്രശ്നം സൃഷ്ടിക്കുന്നു. ഇതിനെക്കാളും വലിയ ഭീഷണിയാണ് അലഞ്ഞുതിരിയുന്ന കന്നുകാലികളും പട്ടികളും. ബീച്ചിലെത്തുന്നവരെ കന്നുകാലികളും പട്ടികളും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പരിസരം മലിനമാക്കുന്നതിനെതിരേയുള്ള ബോധവത്‌കരണ പ്രവർത്തനങ്ങളാണ് ആദ്യം നടത്തുക. ഇതിനായി ബോർഡുകൾ സ്ഥാപിക്കും. ജില്ലയിലെ മറ്റ് ബീച്ചുകളിലും ഇത്തരം നടപടികൾ സ്വീകരിക്കും.
إرسال تعليق