Join News @ Iritty Whats App Group

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാന്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും


തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. വനിതാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാന ബി.ജെ.പിയെ സജ്ജമാക്കാനുള്ള പ്രചാരണത്തിനു തുടക്കമെന്ന നിലയിലാണ് സമ്മേളനം വിലയിരുത്തപ്പെടുന്നത്. അഞ്ചുവര്‍ഷത്തിനിടെ തൃശൂരിലിത് മൂന്നാംതവണയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

തേക്കിന്‍കാട് െമെതാനിയിലെ നായ്ക്കനാലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സ്ത്രീശക്തിസംഗമമെന്ന നിലയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ ചില പദ്ധതികളുടെ പ്രഖ്യാപനമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിയടക്കമുള്ള ചില സ്ഥാനാര്‍ഥികളെ പ്രധാനമന്ത്രി പ്രഖ്യാപിക്കാനിടയുണ്ടെന്നു സൂചനയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തൃശൂരില്‍ സുരേഷ് ഗോപി തന്നെയാണ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ താഴെത്തട്ടില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

ചിലയിടങ്ങളില്‍ ചുമരെഴുത്തും തുടങ്ങി. ഇത്തവണ തൃശൂര്‍ പിടിക്കുമെന്ന വാശിയിലാണ് പ്രവര്‍ത്തകരും സംസ്ഥാന, ജില്ലാ നേതൃത്വവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. മോദിയുടെ സന്ദര്‍ശനത്തോടെ വോട്ടര്‍മാര്‍ക്കിടയില്‍ നല്ല തരംഗമുണ്ടാക്കാനാവുമെന്നാണ് ബി.ജെ.പി. കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് നേതാക്കളും പ്രവര്‍ത്തകരും കരുതുന്നത്.

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസടക്കമുള്ള വിഷയങ്ങളില്‍ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ സാധിച്ചുവെന്നാണ് ബി.ജെ.പി. കരുതുന്നത്. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനെതിരേ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിക്കുന്നുവെന്നത് പ്രചാരണവിഷയമാക്കി നേട്ടമുണ്ടാക്കാനാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group