Join News @ Iritty Whats App Group

ശ്രീരാമനോട് എല്ലാവര്‍ക്കും ആദരവ്, രാമക്ഷേത്രത്തിന്റെ പേരിൽ രാഷ്ട്രീയക്കളി, ജനം വീഴില്ല: സാദിഖലി ശിഹാബ് തങ്ങൾ



കോഴിക്കോട്: ശ്രീരാമനെ എല്ലാവരും ആദരവോടെയാണ് കാണുന്നതെന്നും എന്നാൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളിയിൽ വീഴാൻ മാത്രം മണ്ടന്മാരല്ല ജനങ്ങളെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗിന്റെ റാലിയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

മുസ്ലിം ലീഗ് അധികാരത്തിൽ നിന്ന് പുറത്ത് പോകുമ്പോൾ ഇങ്ങനെ ഒരു പരിപാടി നടക്കില്ലെന്നാണ് പലരും കരുതിയത്. എന്നാൽ അധികാരം ഇല്ലാതെ പൊരിവെയിലിൽ നിന്നുകൊണ്ടാണ് മുസ്ലിം ലീഗും യൂത്ത് ലീഗും ഓരോ പരിപാടികളും വിജയിപ്പിച്ചത്. യൂത്ത് ലീഗ് റാലി വിദ്വേഷത്തിനും ദുര്‍ഭരണത്തിനും എതിരെയാണ്. അയോധ്യ പ്രതിഷ്ഠയെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം. എന്നാൽ രാജ്യത്തെ പട്ടിണിയും മറ്റു പ്രശ്നങ്ങളും ബിജെപിക്ക് കാര്യമില്ല. ഇന്ത്യൻ ജനതയുടെ വൈകാരികത ചൂഷണം ചെയ്യുകയാണ്. ചരിത്ര യാഥാർത്ഥ്യം ഉൾക്കൊണ്ട് ഇന്ത്യൻ മുസ്ലീംങ്ങളെ സംരക്ഷിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. വിയോജിപ്പുകളെ ഭരണകൂടം അംഗീകരിക്കാത്ത സ്ഥിതിയാണ്. എതിർ സ്വരങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. എതിർ സ്വരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

മലബാറിൽ മാത്രമുള്ള സംഘടനയെന്ന് ചിലർ പരിഹസിച്ച യൂത്ത് ലീഗാണ് ജില്ലകൾ തോറും നടത്തിയ പദയാത്ര അടക്കം നടത്തിയതെന്ന് പികെ ഫിറോസ് പൊതുസമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഡിവൈഎഫ്ഐ മനുഷ്യ ചങ്ങലയിൽ ആദ്യം യുവാക്കൾ മാത്രം പങ്കെടുത്താൽ മതിയെന്നാണ് പറഞ്ഞത്. പിന്നീട് എല്ലാ പ്രായക്കാരെയും പങ്കെടുപ്പിച്ചു. ഒടുവിൽ പറയുന്നു യൂത്ത് ലീഗും യൂത്ത് കോൺഗ്രസും അണി ചേരണമെന്ന്. അങ്ങിനെ സ്വയം അപഹസ്യരായ സംഘടന ആയി ഡിവൈഎഫ്ഐ മാറി. അയോധ്യാ പാശ്ചാത്തലത്തിൽ ആണ് ഇന്നത്തെ റാലി. ജാതിയുടേയും മതത്തിന്റെയും പേരിൽ ആരെയും തമ്മിലടിപ്പിക്കാൻ നോക്കണ്ട. സാഹോദര്യം ഉറപ്പാക്കാൻ ലീഗും യൂത്ത് ലീഗും ഉണ്ടാകും. ബാബരി പള്ളിയുടെ തകർച്ചയുടെ വേദനയിൽ കഴിയുന്നവർ അല്ല മുസ്ലിങ്ങൾ. ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്. തമ്മിലടിപ്പിക്കാൻ നടക്കുന്നവരെ ചെറുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group