കോഴിക്കോട്: രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ. ഇന്ത്യൻ മുസ്‌ലിം ആയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്‌ത് ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശിഹാബ്.
സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് ശിഹാബ് മോദിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. ഇതോടൊപ്പം വിവിധ മതവിഭാഗങ്ങൾക്കും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഭാരതം ഒന്നാകെ ഒറ്റ ചിത്രത്തിൽ എന്ന അടിക്കുറിപ്പോടെയുള്ള ഒരു എക്സ് പോസ്റ്റും കൂട്ടത്തിലുണ്ട്. ദേശീയപതാക പിടിച്ചുനിൽക്കുന്ന സ്വന്തം ചിത്രവും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
പോസ്റ്റ് വലിയ വിവാദത്തിനും തിരിതെളിയിച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിനു താഴെ വിമർശനവുമയി രംഗത്തെത്തിയത്. ഇതിനു വേണ്ടിയാണോ നടന്ന് ഹജ്ജ് ചെയ്യാൻ പോയതെന്ന് ഒരാൾ ചോദിക്കുന്നു. ഇനി ഹജ്ജിനു വേണ്ടി സൗദി വരെ നടക്കേണ്ടതില്ലെന്നും അയോധ്യ വരെ മതിയെന്നും മറ്റൊരാൾ വിമർശിച്ചു.
അയോധ്യയിൽ ബാബരി മസ്‌ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ ഇന്നലെയാണ് വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയയിരുന്നു പ്രതിഷ്ഠ നിർവഹിച്ചത്. ആർ.എശ്.എസ് തലവൻ മോഹൻ ഭഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരും ചടങ്ങിൽ സംബന്ധിച്ചു. പരിപാടിക്ക് സാക്ഷിയാകാൻ ചലച്ചിത്ര, കായിക രംഗങ്ങളിൽനിന്നെല്ലാം നിരവധി താരങ്ങളും എത്തിയിരുന്നു.
إرسال تعليق