Join News @ Iritty Whats App Group

പൊലീസിനെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി



ണ്ണൂര്‍: എടക്കാട് പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതികളായ ക്വട്ടേഷൻ സംഘം അറസ്റ്റില്‍. കണ്ണൂര്‍ പൊതുവാച്ചേരി പട്ടരേറ്റില്‍ അബ്ദുല്‍ റഹീം (31), കോഴിക്കോട് കണ്ണംചാലില്‍ ഇ.കെ.
നിതിൻ, ഒളവണ്ണ അച്ചാരവീട്ടില്‍ നവീൻ എന്ന ബോണി (28), മരക്കാര്‍കണ്ടി ബദര്‍ ക്വാര്‍ട്ടേഴ്സില്‍ ഷാഹിദ് (23) എന്നിവര്‍ അടക്കമുള്ള ആറുപേരെയാണ് കണ്ണൂര്‍ ടൗണ്‍ ഇൻസ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പയ്യന്നൂരിലെ ലോഡ്ജില്‍നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്.

വധശ്രമം, കവര്‍ച്ച, ലഹരിമരുന്ന് അടക്കം നിരവധി കേസുകളിലെ പ്രതികളായ വൻ ക്വട്ടേഷൻ സംഘമാണ് പിടിയിലായത്. അബ്ദുല്‍ റഹീം, നവീൻ, ഷാഹിദ് എന്നിവര്‍ പൊലീസ് കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു. 20 കേസുകളില്‍ പ്രതിയായ അബ്ദുല്‍ റഹീം നേരത്തേ കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ആറുമാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ വീട് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിരുന്നു. നിതിനും നവീനുമെതിരെ കവര്‍ച്ച അടക്കം 10 കേസുകള്‍ നിലവിലുണ്ട്. ഷാഹിദിനെതിരെ ആറുകേസുകളും ഉണ്ട്.

പ്രതികളെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി

എടക്കാട് ഭാസ്കരൻ പീടികക്ക് സമീപം പൊലീസിനുനേരെ ബീയര്‍കുപ്പി എറിയുകയും വടിവാള്‍ വീശുകയും ചെയ്ത സംഘത്തെ പിടികൂടാനായി ബിനു മോഹന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിരുന്നു. പൊലീസിനെ ആക്രമിച്ച ശേഷം കര്‍ണാടകയിലേക്ക് കടന്ന സംഘത്തിന്റെ പിന്നാലെയായിരുന്നു പൊലീസ്. പ്രതികള്‍ പയ്യന്നൂരില്‍ എത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച അന്വേഷണസംഘം സ്ഥലത്തെത്തിയത്. പുലര്‍ച്ച മൂന്നോടെ ലോഡ്ജില്‍ പൊലീസ് എത്തിയതോടെ അക്രമാസക്തരായ പ്രതികളെ അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 സംശയാസ്പദമായ രീതിയില്‍ കണ്ട കാറിനെ പിന്തുടര്‍ന്ന എടക്കാട് പൊലീസിനുനേരെ ജനുവരി എട്ടിന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. പൊലീസ് വാഹനത്തിനുനേരെ ബീര്‍കുപ്പിയെറിഞ്ഞ സംഘം വടിവാളും വീശി. സംഭവത്തില്‍ പൊലീസ് ജീപ്പിന്റെ ചില്ലുപൊട്ടുകയും സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമികള്‍ സഞ്ചരിച്ച കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വാഹനത്തിന് നേരെ വടിവാള്‍ വീശിയത്. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പൊലീസ് ജീപ്പ് റോഡരികിലേക്ക് വെട്ടിക്കുകയായിരുന്നു. ഈ സമയം ആക്രമികള്‍ രക്ഷപ്പെട്ടു. കര്‍ണാടക രജിസ്ട്രേഷൻ കാറില്‍ നാലുപേരുണ്ടായിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷനിലെ ലഹരിക്കേസിലെ പ്രതിയായ അബ്ദുല്‍ റഹീം സംഘത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതാണ് സംഭവത്തില്‍ തുമ്ബായത് 12 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളായ നാലുപേര്‍ അടക്കം ആറുപേരെ ഒരാഴ്ചക്കുള്ളില്‍ പിടികൂടാനായത് നേട്ടമായി. ലോഡ്ജില്‍ പിടിയിലായ മറ്റുരണ്ടുപേര്‍ക്ക് പ്രതികളുമായുള്ള ബന്ധം അന്വേഷിച്ചുവരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group