Join News @ Iritty Whats App Group

തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള കുറുക്കുവഴി അടച്ചു


ലശ്ശേരി: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കുറുക്കുവഴിയിലൂടെയുള്ള യാത്ര തടഞ്ഞ് റെയില്‍വേ സംരക്ഷണ സേന. പുതിയ ബസ് സ്റ്റാൻഡ് സദാനന്ദപൈ പെട്രോള്‍ പമ്ബില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് എളുപ്പമെത്താൻ യാത്രക്കാർ വർഷങ്ങളായി ഉപയോഗിച്ചു വന്ന വഴിയാണ് റെയില്‍വേ അടച്ചത്.
ഇവിടം കേന്ദ്രീകരിച്ച്‌ സാമൂഹികവിരുദ്ധ ശല്യവും പിടിച്ചുപറിയും വ്യാപകമായ സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി. 

പട്ടാപ്പകല്‍ പോലും പിടിച്ചുപറിയും സാമൂഹിക വിരുദ്ധശല്യവും രൂക്ഷമായതോടെയാണ് റെയില്‍വേ സംരക്ഷണ സേന കടുത്ത നടപടിയുമായി രംഗത്തിറങ്ങിയത്. ഇതുവഴിയുള്ള യാത്ര റെയില്‍വേ നേരത്തേ നിരോധിച്ചിട്ടുണ്ടെങ്കിലും പല ദിക്കുകളിലേക്കുമുള്ള ട്രെയിൻ യാത്രക്കാർ സ്റ്റേഷനിലേക്ക് എളുപ്പമെത്താൻ ആശ്രയിക്കുന്നത് കാടുകയറിയ ഈ വഴിയാണ്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് ജോലി ചെയ്യുന്ന ഒരു മാധ്യമപ്രവർത്തക സാമൂഹിക വിരുദ്ധരുടെ ശല്യത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 

ഞായറാഴ്ച രാത്രി കൂത്തുപറമ്ബില്‍ ജോലി ചെയ്യുന്ന യുവ ഡോക്ടർ പിടിച്ചുപറിക്കിരയായി. പെരുന്താറ്റില്‍ സ്വദേശിയായ ഡോ. ബ്രിട്ടോ ജസ്റ്റിനില്‍ നിന്ന് 13,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും 800 രൂപയുമാണ് തട്ടിയെടുത്തത്. ഈ പരാതിയില്‍ പിടിച്ചുപറി നടത്തിയ മുഴപ്പിലങ്ങാട് സ്വദേശി എ.കെ. നസീറിനെ (28) പിറ്റേ ദിവസം തലശ്ശേരി പൊലീസ് പിടികൂടി. ഇരുമ്ബ് ഗ്രില്ലുകളും നെറ്റും ഉപയോഗിച്ചാണ് വെളളിയാഴ്ച രാവിലെ മുതല്‍ റെയില്‍വേ ജീവനക്കാരെത്തി വഴിമുട്ടിച്ചത്.

ഇതുവഴി കടന്നുപോകുന്നവർ തുടർച്ചയായി കൈയേറ്റത്തിനും പിടിച്ചുപറിക്കും ഇരയായതോടെ ഇവിടെ ആർ.പി.എഫ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന മുന്നറിയിപ്പ് ബോർഡ് ആദ്യം സ്ഥാപിച്ചു. നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പിടികൂടി പിഴ ചുമത്തി. കഴിഞ്ഞവർഷം ഇത്തരത്തില്‍ നിയമലംഘനം നടത്തിയ 823 പേരെ പിടികൂടി കോടതിയില്‍ പിഴ അടപ്പിച്ചു. ഈ വർഷം ഇതുവരെ 61 പേരെ പിടികൂടിയിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group