ഇരിട്ടി: താലൂക്ക് ആസ്ഥാനമായ ഇരിട്ടിയില്‍ സ്‌റ്റേഡിയം നിർമാണം സ്വപ്നമായി മാറുന്നു. പഴശി പദ്ധതിയുടെ അധീനതയിലുള്ള വെളള്യാട് വയലില്‍ ആധുനീക സംവിധാനത്തോട് കൂടി സ്‌റ്റേഡിയം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യം പഴശി ജലസേചന വിഭാഗം നിരസിച്ചു.
പദ്ധതിയുടെ അധീനതയിലുള്ള വെള്ളം കയറാത്ത പ്രദേശം സ്റ്റേഡിയത്തിനായി വിട്ടുനല്കണമെന്ന് കാണിച്ച് വർഷങ്ങള്‍ക്ക് മുന്പ് ഇരിട്ടി നഗരസഭ അപേക്ഷ നല്കിയിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജലസേചന വിഭാഗം ചീഫ് എൻജിനിയറോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം പഴശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ റിസർവോയർ ലൈവലില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ സ്റ്റേഡിയത്തിനായി വിട്ടുനല്കാനാകില്ലെന്ന നിലപാട് ജലസേചന വിഭാഗത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
അഞ്ച് ഏക്കറോളം വരുന്ന പുല്ലു നിറഞ്ഞ മൈതാനമാണ് വള്ള്യാട്ടേത്. നിരവധി കലാ കായിക മത്സരങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും വേദിയായ മൈതാനം ശാസ്ത്രീയമായി വികസിപ്പിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പഴശി ജലസേചന വിഭാഗത്തിന്‍റെ അധീനതയിലുള്ള പ്രദേശമാണെങ്കിലും റിസർവോയർ അതിന്‍റെ പരമാവധി സംഭരണ ശേഷി കൈവരിച്ച സമയത്ത് പോലും മൈതാനത്ത വെള്ളം കയറിയിട്ടില്ലെന്നാണ് സ്റ്റോഡിയത്തിനായി വാദിക്കുന്നവർ പറയുന്നത്.
കഴിഞ്ഞ രണ്ട് പ്രളയത്തിലും പദ്ധതി പ്രദേശം നിറഞ്ഞു കവിഞ്ഞപ്പോഴും മൈതാനത്ത് വെള്ളം കയറിയിട്ടില്ലെന്നതും അനുകൂല ഘടകമാകുമെന്ന കരുതിയിരുന്നു. പ്രകൃതിദത്തമായി രൂപം കൊണ്ട മൈതാനമായതിനാല്‍ കാര്യമായ ചെലവുകള്‍ ഇല്ലാതെ തന്നെ ശാസ്ത്രീയമായി വികസിപ്പിക്കാനും കഴിയുമായിരുന്നു. കാര്യമായ പരിശോധനകളും ഇടപെടലുകളും മറ്റും ഇല്ലാഞ്ഞതിനാല്‍ മൈതാന ഭാഗത്ത് നടക്കുന്ന കൈയേറ്റം ഇല്ലാതാക്കാനും സ്റ്റേഡിയമായി മാറ്റുന്നതിലൂടെ സാധിക്കുമായിരുന്നു. മൈതാനത്തിന്‍റെ ഉടമാവകാശം ജലസേചന വിഭാഗത്തില്‍ തന്നെ നിലനിർത്തി സ്‌റ്റേഡിയം നിർമാണം എന്ന ആവശ്യത്തിന് മാത്രം വിട്ടുകൊടുക്കുന്നതിലൂടെ ജലസേചന വിഭാഗത്തിന്‍റെ ഉടമാവകാശവും സംരക്ഷിക്കപ്പെടുമെന്ന വാദവും ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്.
إرسال تعليق