Join News @ Iritty Whats App Group

'66 ദിവസം, 6713 കി മീ, 15 സംസ്ഥാനങ്ങൾ, 110 ജില്ലകള്‍'; രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെ മുതൽ


ദില്ലി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെ മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഉത്തർപ്രദേശില്‍ മാത്രം പതിനൊന്ന് ദിവസം രാഹുല്‍ യാത്ര നടത്തുക. 2024 ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപിക്കെതിരായ മത്സരത്തില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ് ചീട്ടായാണ് ഭാരത് ജോഡോ ന്യായ് യാത്രയെ കാണുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണ് ഇത്. 

വിലക്കയറ്റം, തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ മുതല്‍ മണിപ്പൂര്‍ കലാപം വരെ മോദി സർക്കാരിനെതിരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് രാഹുല്‍ മണിപ്പൂര്‍ മുതല്‍ മഹാരാഷ്ട്ര വരെ യാത്ര നടത്തുന്നത്. ഭാരത് ജോ‍ഡോ യാത്ര 136 ദിവസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെ 4080 കിലോമീറ്റർ കാല്‍നടയായി സഞ്ചരിക്കുന്നതായിരുന്നു. എന്നാല്‍ രണ്ടാം എഡീഷനായ ഭാരത് ജോ‍ഡോ ന്യായ് യാത്ര 66 ദിവസം കൊണ്ട് 6713 കിലോമീറ്റർ നീളുന്നതാണ്. ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും രാഹുല്‍ നടത്തുക. ബസില്‍ ഇരുന്ന് മാത്രമായിരിക്കില്ല പലയിടങ്ങളിൽ നടന്നും മറ്റ് വാഹനങ്ങളിലുമെല്ലാം രാഹുല്‍ സ‌ഞ്ചരിക്കും. 

ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് സംഘ‍ടനപരമായി വലിയ ഊർജ്ജം നല്‍കുന്നതായിരുന്നു. കർണാടകയിലെയും തെലങ്കാനയിലേയും വിജയത്തില്‍ ആ യാത്രക്ക് പങ്കുണ്ട്. ആ റിസല്‍ട്ടാണ് രണ്ടാമതൊരു യാത്രക്ക് രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനും പ്രേരിപ്പിക്കുന്നത്. യാത്രയിലൂടെ നീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും. പ്രാദേശികമായ പ്രശ്നങ്ങള്‍ ഉയർത്തും. പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ ചർച്ചകളും ഉണ്ടാകും. 

പ്രതിപക്ഷ പാര്‍ട്ടികളെ നേതാക്കളില്‍ ആരൊക്കെ യാത്രയില്‍ പങ്കാളികള്‍ ആകും എന്നതും യാത്രയുടെ വിജയത്തില്‍ നിര്‍ണായകമാകും. പ്രത്യേകിച്ച് ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസ് വലിയ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ യാത്രയുടെ പ്രാധാന്യം ഏറെയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. എന്നാല്‍ തെരഞ്ഞെടുപ്പിന് വളരെ കുറച്ച് മാസം ശേഷിക്കുമ്പോഴാണ് രാഹുല്‍ യാത്രക്ക് ഇറങ്ങുന്നത് എന്നതിനാല്‍ കോണ്‍ഗ്രസിന്‍റെ ശ്രദ്ധ യാത്രയിലാകുമോ തെരഞ്ഞെടുപ്പ് നടത്തിപ്പിലായിരിക്കുമോ എന്നതും ചോദ്യവും പലയിടങ്ങളിലും ഉയരുന്നുണ്ട്. 

എന്തായാലും ഭാരത് ജോഡോ യാത്ര രാഹുലിൻറെ പ്രതിച്ഛായയില്‍ വരുത്തിയ മാറ്റവും പാർട്ടിക്ക് നല്‍കിയ ശക്തിയും രണ്ടാമത്തെ യാത്രയില്‍ ഇരട്ടിക്കും എന്നതാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. ഒപ്പം 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്‍റെ മിന്നുന്ന വിജയവും സ്വപ്നം കാണുകയാണ് പാര്‍ട്ടി.

Post a Comment

أحدث أقدم
Join Our Whats App Group