കോഴിക്കോട്: പാസ്പോർട്ട് ഡെലിവറിയുടെ മറവിൽ സൈബർ തട്ടിപ്പ്. പാസ്പോർട്ടിന് അപേക്ഷിച്ച കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് പണം നഷ്ടമായി. സൈബർ സെല്ലിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് വീട്ടമ്മക്ക് ഹിന്ദിയിൽ സംസാരിക്കുന്ന ആളുടെ ഫോൺ കോൾ വന്നത്. ഹിന്ദി അറിയാത്തതിനാൽ വീട്ടമ്മ ബന്ധുവിന് ഫോൺ കൈമാറി. സ്പീഡ് പോസ്റ്റ് ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയായിരുന്നു കോൾ. പാസ്പോർട്ട് സ്പീഡ് പോസ്റ്റായി അയച്ചിട്ടുണ്ടെന്നും വിലാസത്തിൽ വ്യത്യാസമുണ്ടെന്നും വീട്ടിൽ എത്തിക്കാനായി 5 രൂപ ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലിങ്ക് അയച്ചുതരാമെന്നും വിളിച്ചയാള്‍ പറഞ്ഞു. 5 രൂപ ഗൂഗിള്‍ പേ ചെയ്യാൻ സാധിക്കാതെ വന്നതോടെ വിളിച്ച ആളുമായി വീണ്ടും ബന്ധപ്പെട്ടു.
രണ്ട് മണിക്കൂറിൽ പാസ്പോർട്ട് എത്തിച്ചുനൽകാമെന്നും അതിനായി 500 രൂപ അയക്കാനും ആവശ്യപ്പെട്ടു. തുടർന്ന് സംശയം തോന്നിയതോടെ 200 രൂപ നൽകി. വീണ്ടും പണമാവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഈ സമയത്ത് പോസ്റ്റ് മാൻ പാസ്പോർട്ട് വീട്ടിൽ എത്തിച്ച് നൽകിയതോടെയാണ് തട്ടിപ്പിനിരയായതായി മനസിലായത്.
"200 രൂപ നമുക്കൊരു വിഷയമൊന്നുമല്ല. പക്ഷെ ഒരു തട്ടിപ്പാണ് നടന്നത്. വടകരയില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ ഡല്‍ഹിയില്‍ പറയാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ കംപ്ലേന്‍റ് ചെയ്തപ്പോള്‍ വടകരയില്‍ തന്നെ പറയാന്‍ പറഞ്ഞു. വടകരയില്‍ നിന്ന് ഇതുവരെ അന്വേഷണമൊന്നും നടന്നിട്ടില്ല"- വീട്ടമ്മയുടെ ബന്ധു പറഞ്ഞു.
വീട്ടമ്മയുടെ അക്കൗണ്ടിൽ പണമില്ലാതിരുന്നതിനാൽ അധിക തുക നഷ്ടമായില്ല. പാസ്പോർട്ട് ഡെലിവറി എസ് എം എസ് ചോർത്തി കൂടുതൽ പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. ഇതു സംബന്ധിച്ച് സൈബർ സെൽ, എൻ സി ആർ പി, വടകര റൂറൽ എസ്.പി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്.
إرسال تعليق