തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെ നീളുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.
ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാര്‍ച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.
പുതുവർഷത്തിലെ ആദ്യസഭാ സമ്മേളനമാണ് ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നത്. നവ കേരള യാത്രയും പ്രതിഷേധങ്ങളും സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിലേക്ക് വരെയെത്തിയ വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പ്. അടിക്ക് തിരിച്ചടി ലൈനിലെ ഭരണ-പ്രതിപക്ഷ പോരാണ് സഭാ തലത്തിലേക്ക് എത്തുന്നത്. മുമ്പില്ലാത്ത വിധം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ തുടരുന്ന വാക്പോര് സഭയ്ക്കുള്ളിൽ എത്തുമ്പോൾ വീര്യം കൂടുമെന്നാണ് കരുതുന്നത്.
ഗവര്‍ണര്‍ - സംസ്ഥാന സർക്കാർ ഏറ്റുമുട്ടൽ പാരമ്യത്തിലെത്തി നിൽക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്താൻ വരുന്നത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ചും മുഴുവൻ വായിക്കാതെ വിട്ടുമെല്ലാം സർക്കാറിനെ സമ്മർദ്ദത്തിലാക്കാൻ രാജ്ഭവൻ ശ്രമിച്ചേക്കുമെന്നും കരുതുന്നുണ്ട്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണ്ണർക്കെതിരായ വിമർശനങ്ങൾ വരെ പ്രസംഗത്തിലുൾപ്പെടുത്താനും സാധ്യത ഏറെയാണ്.
പ്രസംഗിക്കാനെത്തുമ്പോൾ ഗവർണ്ണർക്കെതിരെ ഭരണ-പ്രതിപക്ഷ നിരയിൽ നിന്ന് പ്ലക്കാർഡോ ബാനറോ വരുമോയെന്നചോദ്യവും ബാക്കിയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യടി നേടാനുള്ള അവസരമാണ് മുന്നിലെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ പക്കൽ ആത്യാവശ്യത്തിന് പോലും കാശില്ലാത്തത് വലിയ തിരിച്ചടിയാണ്. സഭാസമ്മേളനം കഴിഞ്ഞാലുടൻ കെസുധാകരൻറെയും വിഡി സതീശന്റെയും സമരാഗ്നി യാത്രയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ബലാബലത്തിന്റെ വേദി കൂടിയാകും സഭാസമ്മേളനം.
إرسال تعليق