Join News @ Iritty Whats App Group

പുതിയ പ്രതീക്ഷകളുമായി 2024 ; ആശംസകളും ആഘോഷങ്ങളുമായി പുതുവർഷത്തെ വരവേറ്റ് ജനങ്ങൾ


ലോകത്തിന് പുത്തൻ പ്രതീക്ഷകളും, സ്വപ്നങ്ങളും സമ്മാനിച്ച് ഒരു പുതുവർഷം കൂടി കടന്നുവന്നിരിക്കുകയാണ്. ലോകമെമ്പാടും ആഘോഷങ്ങളോടെ ജനങ്ങൾ 2024 നെ വരവേറ്റു. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ ദില്ലി, മുംബൈ, ബെം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ആളുകൾ ആഘോഷവുമായി രം​ഗത്തിറങ്ങി.

ഷിംലയിൽ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ​ഗോവയിലും ആഘോഷം കത്തിക്കയറി. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ന​ഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖരെല്ലാം തന്നെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും പുതുവത്സരാശംസകൾ അറിയിച്ചു.

” പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള മുന്നേറ്റങ്ങളിൽ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ.

പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും നവവത്സരാശംസകൾ.” എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചത്. പ്രതിസന്ധികളിൽ തളരാതെ, പ്രശ്നങ്ങളിൽ പിന്തിരിഞ്ഞോടാതെ, സ്നേഹത്തോടും സമഭാവനയോടും കൂടി ഈ പുതുവർഷത്തിൽ ഏവർക്കും ഒരുമിച്ച് മുന്നേറാൻ കഴിയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആശംസിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group