Join News @ Iritty Whats App Group

വിജിൻ എം.എല്‍.എ പങ്കെടുത്ത കലക്ടറേറ്റ് മാര്‍ച്ച്‌: 100 നഴ്സുമാര്‍ക്കെതിരെ കേസ്


ണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയ 100 നഴ്സുമാര്‍ക്കെതിരെ ടൗണ്‍പൊലീസ് കേസെടുത്തു.
ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കേരള ഗവണ്‍മെൻറ് നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ഇന്നലെ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.

എം. വിജിൻ എം.എല്‍.എ ആയിരുന്നു ഉദ്ഘാടകൻ. മാര്‍ച്ച്‌ കലക്ടറേറ്റ് കോമ്ബൗണ്ടിലേക്ക് കടന്നതിനെ തുടര്‍ന്ന് പൊലീസും എം.എല്‍.എയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. എസ്.ഐ എം.എല്‍.എയെ അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. 

കലക്ടറേറ്റിന്റെ രണ്ടാം ഗേറ്റിലേക്കാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. സാധാരണ ഇത്തരത്തില്‍ പ്രകടനമായി എത്തുന്ന ആളുകളെ ഗേറ്റിനുസമീപം പൊലീസ് തടയുകയാണ് പതിവ്. എന്നാല്‍, ഈ സമയം അവിടെ ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ല. ഇതോടെ പ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ കടന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഓടിയെത്തിയാണ് ഇവരെ തടഞ്ഞത്.

ഉടൻ ടൗണ്‍ എസ്.ഐ പി.പി ഷമീമും സ്ഥലത്തെത്തി. പ്രകടനമായി ഇവിടെ വന്ന് ശരിയായില്ലെന്നും കേസെടുക്കുമെന്നും എസ്.ഐ പറഞ്ഞു.എം.എല്‍.എ അടക്കമുള്ള ആളുകളോട് കലക്ടറേറ്റില്‍ നിന്ന് ഇറങ്ങി പോകാനും പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് എം.എല്‍.എയും എസ്.ഐയും തമ്മില്‍ വാക്കേറ്റമുണ്ടായത്.

കലക്ടറേറ്റിനുള്ളില്‍ വെച്ച്‌ ഉദ്ഘാടനത്തിനായി വിജിൻ മൈക്ക് കയ്യിലെടുത്തതോടെ എസ്.ഐ തടഞ്ഞു. സംഭവത്തില്‍ മുഴുവൻ ആളുകള്‍ക്കെതിരേയും കേസെടുക്കണമെന്നും പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ എഴുതിയെടുക്കണമെന്നും എസ്.ഐ പറഞ്ഞു. തുടര്‍ന്ന് എം.എല്‍.എയോട് നിങ്ങളുടെ പേരെന്താണ് എന്ന് ചോദിച്ചത് വിജിനെ പ്രകോപിപ്പിച്ചു. പൊലീസിന്റെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്നും 'സുരേഷ് ഗോപി കളിക്കരുതെന്നും' എം.എല്‍.എ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഭാരവാഹികളടക്കം 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കുറ്റംചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിച്ചുവെന്നാണ് എഫ്.ഐ.ആര്‍. അതേസമയം എം.എല്‍.എക്കെതിരെ കേസില്ല.

Post a Comment

أحدث أقدم
Join Our Whats App Group