Join News @ Iritty Whats App Group

മകളുടെ വിവാഹത്തിന് അറസ്റ്റ് ഉണ്ടാകുമെന്ന ഭയം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സുരേഷ് ഗോപി; സര്‍ക്കാര്‍ നിലപാടു തേടി ജഡ്ജി



മകളുടെ വിവാഹത്തിന് മുമ്പ് മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ജാമ്യമില്ലാ വകുപ്പായ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി ഉള്‍പ്പെടുത്തിയതിനാലാണ് അറസ്റ്റ് നീക്കം നടക്കുന്നത്. ഇതിനെതിരെ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് സി. പ്രതീപ്കുമാര്‍ ഹര്‍ജി എട്ടിന് പരിഗണിക്കാന്‍ മാറ്റി.

തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു സുരേഷ് ഗോപി ഹര്‍ജിയുമായെത്തിയിരിക്കുന്നത്. ജനുവരി 17നു മകളുടെ വിവാഹം ഗുരുവായൂരിലും സല്‍ക്കാരം തിരുവനന്തപുരത്തും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്കു മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കു വേണ്ടി പ്രതിഷേധ മാര്‍ച്ച് നടത്തിയതിലുള്ള വൈരാഗ്യമാണു കേസെടുക്കാന്‍ കാരണമെന്നു ഹര്‍ജിയില്‍ അദേഹം ആരോപിക്കുന്നു.

ഒക്ടോബര്‍ 27 ന് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഹോട്ടല്‍ ലോബിയില്‍ വച്ച് ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി തന്റെ ചുമലില്‍ പിടിച്ചുവെന്നും ഒഴിഞ്ഞു മാറിയപ്പോള്‍ വീണ്ടും ശ്രമിച്ചെന്നും ഈ ഘട്ടത്തില്‍ കൈ തട്ടിമാറ്റിയെന്നും മാധ്യമപ്രവര്‍ത്തക പരാതിപ്പെട്ടിരുന്നു.

നടക്കാവ് പോലീസ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 354 എ-യിലെ രണ്ട് ഉപവകുപ്പുകളനുസരിച്ചാണ് സുരേഷ് ഗോപിയുടെപേരില്‍ ലൈംഗികാതിക്രമത്തിന് കേസെടുത്തത്. കേസില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം (ഐ.പി.സി. സെക്ഷന്‍ 354) കൂടി ചുമത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അഞ്ചുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമായതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ട്.
നവംബര്‍ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group