Join News @ Iritty Whats App Group

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി


നവകേരള സദസ് യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്.

പ്രതിഷേധത്തിനിടെ മര്‍ദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോള്‍ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതായാണ് ഹര്‍ജിയിലെ ആരോപണം. എഡി തോമസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ അജയ് ജ്യുവല്‍ എന്നിവരെയാണ് കസ്റ്റഡിയിലിരിക്കെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിയത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ സന്ദീപ് ഇത് കൂടാതെ കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. നവകേരള യാത്രയുടെ കോ ഓര്‍ഡിനേഷന്‍ ചുമതല മാത്രമുള്ള ഗണ്‍മാന്‍, ക്രസമാധാന പ്രശ്‌നത്തില്‍ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് കാരണമായിരുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് അജയ് ജ്യുവലിന്റെ കൈ ഒടിയുകയും തോമസിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സൗത്ത് പൊലീസില്‍ ഇരുവരും പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group