Join News @ Iritty Whats App Group

‘മാധ്യമ മേഖലയിലേക്ക് കടന്നുകയറാൻ അധികാരികൾക്ക് അവസരം നൽകുന്നു’; ലോക്സഭ പാസാക്കിയ പത്ര, ആനുകാലിക രജിസ്‌ട്രേഷൻ ബില്ലിനെതിരെ എഡിറ്റേഴ്സ് ഗിൽഡ്


പ്രതിപക്ഷ ബെഞ്ചുകൾ ശൂന്യമാക്കി കേന്ദ്ര സർക്കാർ ലോക്സഭയിൽ പാസാക്കിയ പത്ര, ആനുകാലിക രജിസ്‌ട്രേഷൻ ബില്ലിൽ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും നടത്തിപ്പിൽ കേന്ദ്ര സർക്കാരിന് അതിക്രമിച്ചു കടക്കാൻ കഴിയുന്ന വ്യവസ്ഥകളുണ്ടെന്ന് എഡിറ്റേഴ്സ് ഗിൽഡ്. അധികാരികൾക്ക് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് മാധ്യമങ്ങളിൽ ഇടപെടാനും പൂട്ടിക്കാനും വാർത്ത ഏജൻസികളുടെ ഓഫിസിൽ കടന്നുകയറാനും വിപുലമായ അധികാരങ്ങൾ നൽകുന്നതാണ് ബില്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തുന്നു.

നേരത്തെ രാജ്യസഭ പാസാക്കിയ ബിൽ ഇന്നലെ ലോക്സഭയിൽ പാസായതോടുകൂടി രാഷ്ട്രപതി ഒപ്പു വെച്ചാൽ ഇനി നിയമമാകും. 1867ലെ പത്ര പുസ്തക രജിസ്ട്രേഷൻ നിയമം ഇല്ലാതാക്കിയാണ് പുതിയ നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ആനുകാലികങ്ങളുടെ ഉടമകളുടെയും പ്രസാധകരുടെയും പക്കലുള്ള ഏത് രേഖകൾ പരിശോധിക്കാനും അവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏത് സ്ഥലങ്ങളിലും പരിശോധന നടത്താനും പിഴ ചുമത്താനും പ്രസ് രജിസ്ട്രാർ ജനറലിന് പുതിയ നിയമം അധികാരം നൽകുന്നു.

ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനും സസ്പെൻഡ് ചെയ്യാനും റദ്ദാക്കാനും അധികാരമുള്ള പ്രസ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയെ നിയമിക്കും. കേന്ദ്ര സർക്കാരിൻ്റെ നിർദേശങ്ങൾ നടപ്പാക്കാൻ പ്രസ് രജിസ്ട്രാർ ജനറൽ ബാധ്യസ്ഥമാണ്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, പ്രസിദ്ധീകരണം നിർത്തിവെക്കൽ തുടങ്ങിയതിനുളള്ള വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.

ആനുകാലികങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതും രാജ്യത്തെ ആനുകാലികങ്ങളുടെ വിവരങ്ങളടങ്ങുന്ന വാർഷിക റിപ്പോർട്ട് തയാറാക്കുന്നതും പ്രസ് രജിസ്ട്രാർ ജനറൽ ആയിരിക്കും. ആനുകാലികം ഇന്ത്യയിൽ മാത്രമേ അച്ചടിയും പ്രസാധനവും നടത്താവൂ. ആനുകാലികങ്ങളുടെ സർക്കുലേഷൻ പരിശോധിക്കാൻ പ്രസ് രജിസ്ട്രാർ ജനറൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.

രജിസ്ട്രേഷൻ നിരാകരിച്ചതുമായി ബന്ധപ്പെട്ട പരാതികൾക്ക് പ്രസ് ആൻഡ് രജിസ്ട്രേഷൻ അപലേറ്റ് ബോർഡ് ഉണ്ടാക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ, പ്രസ് കൗൺസിൽ അംഗങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യുന്ന രണ്ട് പേർ എന്നിവരടങ്ങുന്നതായിരിക്കും ബോർഡ്. പുസ്തകങ്ങൾ ഒഴിവാക്കിയാണ് പുതിയ നിയമമെന്ന് ബില്ലിന്മേലുള്ള ചർച്ചക്ക് ലോക്സഭയിൽ മറുപടി നൽകിയ വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ പറഞ്ഞു.

ഉടമയോ പ്രസാധകനോ ഭീകര പ്രവർത്തനത്തിലോ നിയമവിരുദ്ധ പ്രവർത്തനത്തിലോ രാജ്യസുരക്ഷക്കെതിരായ ഏതെങ്കിലും പ്രവർത്തനത്തിലോ ശിക്ഷിക്കപ്പെട്ടാൽ പ്രസിദ്ധീകരണത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. ഉടമയോ പ്രസാധകനോ ഭീകരപ്രവർത്തനത്തിലോ നിയമവിരുദ്ധ പ്രവർത്തനത്തിലോ ഏർപ്പെട്ടോ എന്ന് 1967ലെ യുഎപിഎ നിയമത്തിലെ വകുപ്പ് പ്രകാരമാണ് നിർവചിക്കുകയെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group