Join News @ Iritty Whats App Group

പോലീസിനെ കുഴക്കി ലഹരി മാഫിയയുടെ പുതിയ തന്ത്രം



ണ്ണൂര്‍: പുതുതലമുറ ലഹരിമരുന്നായ എംഡിഎംഎയടക്കം മാരക മയക്കുമരുന്നുകളുടെ പറുദീസയായി കേരളം മാറിയതോടെ പോലീസിന്‍റെ കണ്ണു വെട്ടിക്കാൻ പുതിയ തന്ത്രവുമായി മയക്കുമരുന്ന് മാഫിയ.
ശാസ്ത്രീയ അന്വേഷണത്തിലൂടെ മയക്കുമരുന്ന് മാഫിയങ്ങളെ കണ്ടെത്തുന്നതിനും അവരുടെ ഇടപാടുകള്‍ മനസിലാക്കുന്നതിനും പോലീസ് പ്രധാനമായും ആശ്രയിക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമായിരുന്നു. 

എന്നാല്‍ ഇത് തിരിച്ചറിഞ്ഞ ലഹരിമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണികള്‍ ഇപ്പോള്‍ തങ്ങളുടെ സാന്പത്തിക ഇടപാടുകള്‍ മുഖ്യമായും നടത്തുന്നത് അന്യരുടേയും ചെറിയ പരിചയമുള്ളവരുടേയും ഓണ്‍ലൈൻ ഇടപാടുകളിലൂടെയാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രധാനമായും മൊബൈല്‍ റീചാര്‍ജ് സ്ഥാപനങ്ങള്‍, വ്യാപാരികള്‍, ചെറിയ പരിചയക്കാര്‍ എന്നിവരുടെ ഓണ്‍ ലൈൻ അക്കൗണ്ടുകള്‍ വഴിയാണ് ഇടാപാട്. 

അടുത്തകാലത്ത് മട്ടന്നൂരില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന് സംഘം ഉപയോഗിച്ചത് ഇത്തരം തന്ത്രമാണ്. നിശ്ചിത പണവുമായി ഇത്തരം വ്യാപാരികളെ സമീപിക്കുന്ന സംഘം തനിക്ക് പണം അയയ്ക്കുന്നതിന് ഗൂഗിള്‍ പേ പോലുള്ള ഓണ്‍ലൈൻ സംവിധാനമില്ലെന്നും ഈ തുക ഒന്ന് നിങ്ങളുടെ ഓണ്‍ലൈൻ അക്കൗണ്ട് വഴി ഇന്ന നന്പറില്‍ അയച്ചുകൊടുക്കണമെന്നും പറഞ്ഞ് തുക കൈമാറുകയാണ്. 

മൊബൈല്‍ റീചാര്‍ജ് സ്ഥാപനങ്ങളിലുള്ളവരാണ് പ്രധാനമായും ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്. ഇടാപടുകളെപ്പറ്റി പോലീസ് അന്വേഷിക്കുന്പോള്‍ പ്രധാനമായും ആദ്യം കുരുക്കിലാകുന്നത് ഇത്തരം നിരപരാധികളായ വ്യാപാരികളാണ്. എന്നാല്‍ സ്വന്തം ഹോട്ടലില്‍ വച്ച്‌ ബന്ധപ്പെട്ടവര്‍ക്ക് മയക്കു മരുന്ന് വിതരണം ചെയ്യുന്ന വ്യാപാരിയും കണ്ണൂരില്‍ പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. അടുത്ത നാളിലാണ് സഹോദരങ്ങളായ തളാപ്പിലെ ഹോട്ടല്‍ നടത്തിപ്പുകാര്‍ പോലീസിന്‍റെ പിടിയിലായത്. 

കേരളവും ഗോവയുമാണ് എംഡിഎംഎയുടെ പ്രധാന വിപണി. സ്കൂളുകളിലും കോളജ് കാമ്ബസുകളിലും മയക്കുമരുന്നിന്‍റെ വ്യാപനം ഭയാനകമായ തോതിലേക്ക് കുതിക്കുന്നുവെന്ന ആശങ്ക ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും മനഃശാസ്ത്രവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്തെ ലഹരിയുടെ വ്യാപനവും ഉപഭോഗവും വ്യക്തമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ യുവതയുടെ പോക്ക് അത്ര സുരക്ഷിതമല്ലെന്നാണ്.

ലഹരി ഉപഭോക്താക്കളില്‍ ഡോക്ടര്‍മാരും 

മാരക മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നതായി അന്വേഷണം ഉദ്യോഗസ്ഥര്‍ പറയുന്നു. കണ്ണൂരില്‍ ഒരു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം പ്രധാന മയക്കുമരുന്ന് ഏജന്‍റിന്‍റെ വീട്ടിലെ സന്ദര്‍ശകരാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

രാത്രി ഉറക്കമൊഴിഞ്ഞ് നില്‍ക്കുന്നതു കൊണ്ടാണ് ഇത് ഉപയോഗിക്കേണ്ടി വരുന്നതെന്നാണ് ചില ഡോക്ടര്‍മാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇത്തരം ഡോക്ടര്‍മാര്‍ ഒരു രോഗിയെ ചികിത്സിച്ചാലുള്ള അവസ്ഥ എന്തായിരിക്കും എന്നത് ഭീതിപ്പെടുത്തുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group