ഈ ലോകകപ്പിൽ മൂന്ന് തവണയാണ് സെഞ്ച്വറി ഭാഗ്യം കോഹ്‌ലിയെ കൈവിട്ടത് . എന്നാൽ പിറന്നാൾ ദിനത്തിൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന കോഹ്‌ലി ആരാധകരുടെ ആഗ്രഹം പോലെ സച്ചിന്റെ റെക്കോഡിന് ഒപ്പം എത്തിയിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന മത്സരത്തിലാണ് കോഹ്‌ലി 49 ഏകദിന സെഞ്ച്വറി എന്ന റെക്കോഡിന് ഒപ്പം എത്തിയിരിക്കുന്നത് . എന്തായാലും 121 പന്തിൽ 101 റൺസ് എടുത്ത് കോഹ്‌ലിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ നേടിയിരിക്കുന്നത് 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ്.
ടോസ് നേടി സൗത്താഫ്രിക്കക്ക് എതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തിൽ 400 ന് മുകളിൽ ഒരു സ്കോർ പ്രതീക്ഷിച്ചെങ്കിലും അത് കിട്ടിയില്ല എന്ന നിരാശ ബാക്കി ആയിരിക്കും. നായകൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കത്തിന് ശേഷം ശേഷം വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ കരകയറ്റിയത്. ശ്രേയസ് 87 പന്തിൽ 77 റൺ നേടി തിളങ്ങി.
പതിവുപോലെ ക്യാപ്റ്റൻ രോഹിത് ശർമ്മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഈ ലോകകപ്പിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ യാൻസനെ ആദ്യ ഓവർ മുതൽ തെരഞ്ഞുപിടിച്ച് പ്രഹരിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് ഉയർന്നു. ആദ്യ ഓവറിൽ തന്നെ ലൈനും ലെങ്ത്തും കണ്ടെത്താൻ പാടുപെട്ട യാൻസനെറിഞ്ഞ ഓവറിൽ ഇന്ത്യ അടിച്ചെടുത്തത് 17 റൺസായിരുന്നു.
പതിവ് താളത്തിൽ തന്നെ തുടർന്നും കളിച്ച രോഹിത് 24 പന്തിൽ 40 റൺ നേടിയത്. 6 ബൗണ്ടറികളും 2 സിക്സുകളും അടങ്ങിയ ഇന്നിംഗ്സ് ഗംഭീരമായ രീതിയിലാണ് കെട്ടിപൊക്കിയത്. എന്നാൽ റബാഡയുടെ പന്തിൽ ബൗണ്ടറിക്ക് ശ്രമിച്ച രോഹിത്തിന്റെ ക്യാച്ച് റബാഡ എടുത്തതോടെ ആ മനോഹര ഇന്നിങ്സിന് അവസാനമായി. പിന്നെ ഉത്തരവാദിത്വം ഗിൽ- കോഹ്‌ലി സഖ്യത്തിലായി. എന്നാൽ കേശവ് മഹാരാജ് എറിഞ്ഞ ഈ ലോകകപ്പിലെ മികച്ച പന്തുകളിൽ ഒന്നിൽ ഗിൽ ബൗൾഡായി. അതോടെ ഇന്ത്യയുടെ റൺ റേറ്റ് ഗണ്യമായി തന്നെ താഴ്ന്നു. റൺ കണ്ടെത്താൻ അയ്യർ- കോഹ്‌ലി സഖ്യം ബുദ്ധിമുട്ടി . സൗത്താഫ്രിക്കയുടെ സ്പിൻ ആക്രമണമാണ് ഇന്ത്യയെ കൂടുതൽ തളർത്തിയത്. മഹാരാജ് ,ഷംസി സഖ്യം ഇന്ത്യയെ ബുദ്ധിമുട്ടിച്ചു.
എന്നാൽ ഒരുപാട് നേരം പ്രതിരോധിച്ചിട്ട് കാര്യമില്ല എന്ന് മനസിലാക്കിയതിനാലാകണം ഇരുവരും പതുക്കെ ഗിയർ മാറ്റി. ഇതിനിടയിൽ കോഹ്‌ലി ജന്മദിന സമ്മാനമായി ആരാധകർക്ക് അര്ധ സെഞ്ച്വറി സമ്മാനിച്ചു. ശ്രേയസ് കൂടി ടോപ് ഗിയറിൽ എത്തിയതോടെ ഇന്ത്യ 400 റൺ സ്വപ്നം വീണ്ടും കണ്ടുതുടങ്ങി. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി അയ്യർ വീണതോടെ റൺ റേറ്റ് കുറഞ്ഞു. കെ.എൽ രാഹുൽ 8 റൺ മാത്രമെടുത്ത് പുറത്തായപ്പോൾ 14 പന്തിൽ 22 റൺ നേടി സൂര്യകുമാർ യാദവും മടങ്ങി.
ഇന്നിംഗ്സ് അവസാനം റൺ കണ്ടെത്താൻ കോഹ്‌ലി ബുദ്ധിമുട്ടിയപ്പോൾ 15 പന്തിൽ 29 റൺ നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ മാന്യമായ സ്കോർ കടത്താൻ സഹായിച്ചത്. സൗത്താഫ്രിക്കൻ ടീമിനായി എങ്കിടി, ജാൻസൻ, റബാഡ, മഹാരാജ്, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി തിളങ്ങി.
إرسال تعليق