കൊച്ചി : അപകടത്തിൽ മരിച്ച സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി കുസാറ്റ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഒമ്പതരയോടെയാണ് സാറ തോമസ്, ആൻ റുഫ്ത, അതുൽ തമ്പി എന്നിവരുടെ മൃതദേഹം ക്യാമ്പസിലെത്തിച്ചത്. സർക്കാരിന് വേണ്ടി മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർ റീത്ത് സമർപ്പിച്ചു. ടെക്ഫെസ്റ്റ് വേദിയിൽ കളിചിരികളുമായി നടന്ന കൂട്ടുകാർ പൊടുന്നനെ ഇല്ലാതായത് ഇനിയും ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ആശുപത്രി മോർച്ചറിയിൽ സാറയുടെയും ആനിന്റെയും അതുലിന്റെയും സഹപാഠികൾ കരഞ്ഞു നിലവിളിച്ചു.
രാവിലെ 7 ന് തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഒമ്പതരയോടെയാണ് കുസാറ്റ് ക്യാംപസിലെ ഐ ടി ബ്ലോക്കിലേക്ക് പൊതുദർശനത്തിനായെത്തിച്ചത്. ആദ്യമെത്തിച്ചത് സാറാ തോമസിന്റെ മൃതദേഹം. പിന്നാലെ ആൻ റുഫ്തയുടെയും അതുൽ തമ്പിയുടേയും മൃതദേഹങ്ങളുമെത്തിച്ചു. കരച്ചിലടക്കാനാവാതെ, പരസ്പരം ആശ്വസിപ്പിക്കുന്ന സഹപാഠികൾ ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ ആർ - ബിന്ദു, പി.രാജീവ് സ്പീക്കർ എ.എൻ ഷംഷീർ, എൽഡിഎഫ് കൺവീനർ ഇപി ജയരാജന്, ജനപ്രതിനിധികളായ ബന്നി ബഹ്നാൻ ഹൈബി ഈഡൻ , ജെ ബി മേത്തർ, എ എ റഹീം, ജോൺ ബ്രിട്ടാസ്, അൻവർ സാദത്ത്, ഉമാ തോമസ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. പൊതു ദർശനം ഒന്നരമണിക്കൂറിലേറെ നീണ്ടു.
സാറയുടെ മൃതദേഹം താമരശേരിയിലേക്കും അതുലിന്റേത് കൂത്താട്ടുകുളത്തേക്കും ആൻ റുസ്തയുടേത് പറവൂരിലേക്കും കൊണ്ടുപോയി. ആൻ റുഫ്തയുടെ സംസ്കാര ചടങ്ങുകൾ വിദേശത്തുള്ള അമ്മ വന്ന ശേഷമാവും നടക്കുക. അപകടത്തിൽ മരിച്ച ആൽബിൻ ജോസഫിന്റെ മൃതദേഹം രാവിലെ തന്നെ പാലക്കാട്ടേക്ക് കൊണ്ടുപോയിരുന്നു.
അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റു രണ്ടു പേർ കളമശ്ശേരി മെഡിക്കൽ കോളളിൽ തീവ്രപരിചരണ വിഭാഗത്തിലും നിസ്സാരമായി പരിക്കേറ്റ 34 പേരും വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
إرسال تعليق