അടുത്ത മാസത്തോടെ കോടിക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഡീലിറ്റ് ചെയ്യാനൊരുങ്ങി ഗൂഗിള്‍. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പക്ഷെ, ഏതൊക്കെ അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും എന്നറിയണമെങ്കിൽ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണം.
എന്താണ് സംഭവിച്ചത്?
മെയ് മാസം പോസ്റ്റ് ചെയ്ത ഒരു ബ്ലോഗിലാണ് ഈ വിഷയം ഗൂഗിൾ ആദ്യം പരാമർശിച്ചത്. ഡിസംബറോടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഗൂഗിൾ ഡിലീറ്റ് ചെയ്യും. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ, യൂട്യൂബ് തുടങ്ങിയവ ഉൾപ്പെടെ ഗൂഗിൾ സ്‌പേസിൽ ഉൾപ്പെടുന്ന ഡേറ്റകൾ ഒക്കെയും ഇതിനോടൊപ്പം ഡിലീറ്റ് ചെയ്യപ്പെടും.
” പാസ്സ്‌വേർഡ് മറന്നു പോയതോ ഉപയോഗിക്കാതെയോ കാലങ്ങളായി കിടക്കുന്ന ഗൂഗിൾ അക്കൗണ്ടുകൾക്ക് ടു ഫാക്ടർ ഓതെന്റിക്കേഷൻ ഉണ്ടായിരിക്കില്ല, അക്കൗണ്ട് ഉടമ ഇത്തരം അക്കൗണ്ടുകൾക്ക് വേണ്ടത്ര സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നും ഉണ്ടാകില്ല. ആക്റ്റീവ് അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം അക്കൗണ്ടുകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഞങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് വ്യക്തമാക്കുന്നത്. ഇത്തരം അക്കൗണ്ടുകൾ ചില സമയങ്ങളിൽ ആർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റാൻ സാധിക്കും. ഒരുപക്ഷെ ഒരാൾക്ക് തന്റെ വ്യക്തിപരമായ വിവരങ്ങൾ വരെ ടു ഫാക്ടർ ഓതെന്റിക്കേഷൻ ഇല്ലാത്തതിന്റെ പേരിൽ ഈ അക്കൗണ്ട് വഴി നഷ്ടമായേക്കാം. അക്കൗണ്ട് തട്ടിയെടുക്കുക വഴി അതിനെ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾക്ക് വേണ്ടിയും ആർക്കും ഉപയോഗിക്കാൻ സാധിക്കും” എന്നും ഗൂഗിളിന്റെ പ്രൊഡക്ട് മാനേജമെന്റ് വിങ്ങിന്റെ വൈസ് പ്രസിഡന്റ് റുത് ക്രിചേലി ബ്ലോഗിൽ കുറിച്ചു.
പ്രവർത്തന രഹിതമായ ഇത്തരം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിലീറ്റ് ചെയ്യുമെന്ന് 2020 ൽ തന്നെ ഗൂഗിൾ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ടിലേക്ക് നേരിട്ടും റിക്കവറി അക്കൗണ്ടിലേക്കും നിരവധി സന്ദേശങ്ങൾ ഗൂഗിൾ അയച്ചിരുന്നു.
ആരുടെയൊക്കെ അക്കൗണ്ടുകൾ നഷ്ടമാകും?
നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ ഇടയ്ക്കെങ്കിലും ഉപയോഗിക്കുകയും ആവശ്യമായ സുരക്ഷ അക്കൗണ്ടുകൾക്ക് നൽകിയിട്ടും ഉണ്ടെങ്കിൽ ഈ ഡിലീറ്റ് ചെയ്യലിലൂടെ നിങ്ങൾക്ക് അക്കൗണ്ട് നഷ്ടമാകില്ല. ബിസ്സിനസ്സ്, സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ഇങ്ങനെ ഡിലീറ്റ് ചെയ്യപ്പെടില്ല എന്നും വ്യക്തിപരമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത് ബാധകമെന്നും ഗൂഗിൾ നേരുത്തേ അറിയിച്ചിരുന്നു. രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക വഴി നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിനെ ആക്റ്റീവ് ആയി നില നിർത്താൻ സാധിക്കും.
എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് നിങ്ങളുടെ അക്കൗണ്ടിനെ ആക്റ്റീവ് ആയി നിർത്താനുള്ള മറ്റ് ചില വഴികൾ ഇതാ.
1. ഒരു ഇമെയിൽ വായിക്കുകയോ അയക്കുകയോ ചെയ്യുക
2. ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക
3. ഈ അക്കൗണ്ടിൽ നിന്നും യൂട്യൂബ് വീഡിയോകൾ കാണുക
4. അക്കൗണ്ട് വഴി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകൾ ഡൌൺലോഡ് ചെയ്യുക.
5. അക്കൗണ്ടിൽ നിന്നും ഗൂഗിൾ സെർച്ച് ഉപയോഗിക്കുക.
إرسال تعليق