ഇരിട്ടി: തലശ്ശേരി- വളവുപാറ റോഡ് വളവുകള്‍ നിവര്‍ത്തിയ ഇടങ്ങളില്‍ പഴയ റോഡുകള്‍ കാടുകയറി പൊതുമരാമത്ത് സ്ഥലം ഉപയോഗ ശൂന്യമാവുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സ്ഥലങ്ങള്‍ പരിപാലിക്കാൻ അനുമതി നല്‍കിയാല്‍ താല്‍ക്കാലിക സംരംഭങ്ങള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍ എന്നിവ നിര്‍മിച്ച് പൊതുമരാമത്ത് സ്ഥലം പരിരക്ഷിക്കാനാവും. പായം പഞ്ചായത്ത് വള്ളിത്തോടിലും ഇരിട്ടി പാലം പരിസരത്തും സന്നദ്ധ സംഘടന സഹായത്തോടെ നിര്‍മിച്ച ഉദ്യാനങ്ങള്‍ പൊതുസ്ഥല സംരക്ഷണത്തിനും റോഡ് പാര്‍ശ്വ സൗന്ദര്യവത്കരണത്തിനും മാതൃകയാണ്.
കുന്നോത്ത് ബെൻഹില്‍, കിളിയന്തറ, മൂസാൻപീടിക, കീഴൂരിനടുത്ത കാമ്യാട്, കീഴൂര്‍കുന്നിനും പുന്നാടിനും ഇടയിലുള്ള ഇറക്കം തുടങ്ങി വളവുപാറ റോഡ് പാര്‍ശ്വങ്ങളില്‍ പന്ത്രണ്ടിടങ്ങളില്‍ പഴയ നിരത്ത് പ്രദേശങ്ങള്‍ കാടുമൂടുകയാണ്. പത്തും ഇരുപതും സെന്റ് സ്ഥലം വരെ പലയിടങ്ങളിലെയും ആദ്യകാല റോഡ് ഭാഗങ്ങള്‍ പ്രധാന പാതയില്‍ നിന്നകന്ന് കാടുകയറി അതിരുകള്‍ പോലുമില്ലാത്ത അവസ്ഥയിലായി.
പൊതുമരാമത്ത് സ്ഥലം ആകെ അളന്ന് തിട്ടപ്പെടുത്തി അതിരിട്ട് അതതിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലിക വ്യവസ്ഥയില്‍ കൈമാറിയാല്‍ പൊതു സ്ഥല പരിപാലനം ഉറപ്പാക്കാനാവും.
ഉദ്യാനം, താല്‍ക്കാലിക കളിസ്ഥലം, ഓപ്പണ്‍ ജിം എന്നിവയൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവഴി സാധിക്കും. മിനി എം.സി.എഫ്, ബോട്ടില്‍ ബൂത്ത് എന്നിവ സ്ഥാപിക്കാനും ഇടമാവും. വികസിപ്പിച്ച പ്രധാന പാതയില്‍ നിന്ന് ഏറെ ദൂരത്തിലുള്ള പഴയ നിരത്ത് സ്ഥലങ്ങള്‍ നിലവില്‍ ഏത് ഭാഗത്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം കാടുമൂടുന്ന അവസ്ഥയിലാണ്.
കാടുമൂടി നശിച്ചു പോവുന്ന ഇത്തരം ഇടങ്ങളില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാൻ അധികൃതര്‍ ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
إرسال تعليق