തിരുവനന്തപുരത്ത് കൊലക്കേസില്‍ കോടതി വിധി പറയുന്നതിന് തൊട്ടുമുന്‍പ് പ്രതി മുങ്ങി. തിരുവനന്തപുരം പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് കോടതിയെ കബളിപ്പിച്ച് മുങ്ങിയത്. കൊലക്കേസ് പ്രതിയാണ് കോടതി വളപ്പില്‍ നിന്ന് മുങ്ങിയ ബൈജു.
വിചാരണ പൂര്‍ത്തിയായ കേസില്‍ പ്രതി കുറ്റക്കാരനാണോ എന്നതുള്‍പ്പെടെ കോടതി വിധി പറയാനിരിക്കെയാണ് പ്രതി കോടതി വളപ്പില്‍ നിന്ന് മുങ്ങിയത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് സംഭവം നടന്നത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണു കേസ് പരിഗണിക്കുമ്പോള്‍ പ്രതി കോടതിയില്‍ ഉണ്ടായിരുന്നില്ല.
പൊമ്മു ബൈജു അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയിരിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേസ് മാറ്റി വച്ചു. എന്നാല്‍ രണ്ടാം തവണ കേസ് പരിഗണിച്ചപ്പോഴും പ്രതി ഹാജരായില്ല. മൂന്നാം തവണ കേസ് പരിഗണിച്ചപ്പോഴും പ്രതി ഹാജരാകാതിരുന്നതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്. ഇതോടെ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
إرسال تعليق