ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായി അമിത് ഷാ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു അമിത് ഷായുടെ പ്രചാരണ വാഹനം വൈദ്യുതി ലൈനിൽ തട്ടി തീപ്പൊരി ചിതറിയത്. അതിവേഗം വൈദ്യുതി ബന്ധം വിച്ഛേദിച്ച് അമിത് ഷായെ മറ്റൊരു വാഹനത്തിൽ സമ്മേളന സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനായി ബിദിയാദ് ഗ്രാമത്തിൽ നിന്ന് അമിത് ഷായുടെ പ്രചാരണ വാഹനം പർബത്‌സറിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. പർബത്സറിൽ ഇരുവശത്തും കടകളും വീടുകളും ഉള്ള ഒരു പാതയിലൂടെ കടന്നുപോകുമ്പോൾ, പ്രചാരണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിന്റെ മുകൾഭാഗം വൈദ്യുതി ലൈനിൽ തൊടുകയായിരുന്നു. ഈ സമയം ലൈനിൽ നിന്ന് തീപ്പൊരി ഉണ്ടാവുകയും. വയർ പൊട്ടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. അമിത് ഷായുടെ ‘രഥ’ത്തിന് പിന്നിലെ മറ്റ് വാഹനങ്ങൾ ഉടൻ നിർത്തുകയും വൈദ്യുതി വിച്ഛേദിക്കുയും ആയിരുന്നു പെട്ടെന്ന് തന്നെ അമിത് ഷായെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ഈ വാഹനത്തിലായിരുന്നു അദ്ദേഹം പർബത്സറിലേക്ക് നീങ്ങി റാലിയെ അഭിസംബോധന ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് കുച്ചമാൻ, മക്രാന, നാഗൗർ എന്നിവിടങ്ങളിലെ മൂന്ന് റാലികളിലും അദ്ദേഹം പങ്കെടുത്തു.
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുകയാണ്. പ്രമുഖ പാർട്ടികൾ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. നവംബർ 25-നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്. ഭരണം നിലനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ ബിജെപിയുമാണ് ശക്തമായ പോരാട്ടം. അതിനിടെ സ്ഥാനാർഥികളുടെ സത്യവാങ്മൂലത്തിലെ ചില വിവരങ്ങളും ചർച്ചയാകുന്നുണ്ട്.
ബിക്കാനീർ ഈസ്റ്റിലെ ബിജെപി സ്ഥാനാർഥി സിദ്ധി കുമാരിയാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം. അതിസമ്പന്നയായതിനാലാണ് സിദ്ധികുമാരി ചർച്ചയാകുന്നത്. വെറും അഞ്ച് വർഷത്തിനുള്ളിൽ പത്തിരട്ടിയിലേറെയാണ് സിദ്ധികുമാരി സാമ്പത്തികമായി വളർന്നത്. 2018 ൽ ആകെ സമ്പത്ത് 8.89 കോടി രൂപയായിരുന്നു എങ്കിൽ ഇത്തവണ അത് 100 കോടി രൂപയായി ഉയർന്നു. അന്തരിച്ച മുത്തശ്ശി സുശീല കുമാരിയുടെ 80 കോടിയിലധികം വിലമതിക്കുന്ന സ്വത്തിന്റെ ഗണ്യമായ ഭാഗവും ലഭിച്ചതോടെയാണ് സിദ്ധികുമാരി 100 കോടി ക്ലബില്ലെത്തിയത്.
إرسال تعليق