ആമസോൺ കമ്പനിയുടെ പേരിൽ വ്യാജ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് യുവതിക്ക് 189400 രൂപ നഷ്ടമായി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം നല്ലൊരു വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പാർട്ട് ടൈം ആയി ജോലി ചെയ്യാമെന്നും ജോലിയിൽ മുൻപരിചയം ആവശ്യമില്ലെന്നും കാണിച്ചുള്ള പരസ്യങ്ങൾ വിശ്വസിച്ചാണ് നിരവധി ആളുകൾ തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പിൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട നിരവധി പരാതികളാണ് ലഭിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.
ജോലി വിശദീകരിച്ചുകൊണ്ട് യുവതിക്ക് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതിൽ കാണിച്ച കാര്യങ്ങൾ ഫോളോ ചെയ്യാൻ പറയുകയായിരുന്നു.
പിന്നീട് മോഹവാഗ്ദാനങ്ങൾ നൽകി പലതവണകളായി ഓരോ ടാസ്ക് നൽകിയാണ് തട്ടിപ്പിനിരയാക്കിയത്.
ടാസ്ക് ചെയ്യുന്നതിനായി നിശ്ചിത പണം നൽകിയാൽ ടാസ്ക് പൂർത്തീകരിച്ചതിന് ശേഷം പണം ലാഭത്തോടെ തിരിച്ചു നൽകും എന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ചു . പിന്നീട് അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചു കൊടുത്ത് ടാസ്ക് ആരംഭിക്കാൻ ആവശ്യപ്പെട്ടു . തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ നൽകിയെങ്കിലും പിന്നീട് ടാസ്ക് ചെയ്യുന്നതിന് വേണ്ടി കൂടുതൽ പണം ആവശ്യപ്പെടുകയും പലകാരണങ്ങൾ പറഞ്ഞ് പണം തിരികെ നൽകാതിരിക്കുകയുമായിരുന്നു . ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് യുവതിക്ക് മനസ്സിലാകുന്നത്.
അപ്പോഴേക്കും ഒരു നല്ല തുക അക്കൗണ്ടിൽ നിന്നും നഷ്ടമായിരുന്നു.
വാട്ട്സ്ആപ്പ്,ടെലഗ്രാം,ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ,കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.
إرسال تعليق