ഇരിട്ടി: അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രതനിര്‍ദേശം.
ആറളം, കേളകം, കരിക്കോട്ടക്കരി, ഉളിക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലും മാവോവാദി സാന്നിധ്യം മുമ്ബുണ്ടായ പ്രദേശങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കിയത്. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ രണ്ട് മാവോവാദികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലം പൊലീസ് വലയത്തിലായതിനാല്‍ യഥാര്‍ഥ ചിത്രം ഇനിയും പുറത്തേക്ക് ലഭിക്കുന്നില്ല.
വയനാട് പേരിയ ചപ്പാരത്തും ആറളം വനത്തിലും മാവോവാദികള്‍ തണ്ടര്‍ബോള്‍ട്ടും വനപാലകരിലെ വാച്ചര്‍മാരുമായും തമ്മില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ഏറ്റുമുട്ടലുകളുണ്ടായിരുന്നു. തുടര്‍ന്ന് ചപ്പാരത്ത് രണ്ട് മാവോവാദികള്‍ പിടിക്കപ്പെടുകയും മൂന്നുപേര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. മാവോവാദികളുടെ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായതോടെ ഇവരെ എത് വിധേനയും കീഴ്പെടുത്തി നിയമത്തിന് മുമ്ബിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സേന.
മലയോര പ്രദേശങ്ങളായ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമച്ചി, കോളിത്തട്ട്, അമ്ബായത്തോട് എന്നിവിടങ്ങളിലും നിരന്തരം മാവോവാദി സാന്നിധ്യത്തെത്തുടര്‍ന്ന് ജില്ലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന കോളനികളിലും ആറളം ആദിവാസി പുനരധിവാസ മേഖലകളിലും വയനാട്, കണ്ണൂര്‍ അതിര്‍ത്തി വനമേഖലകളിലും തണ്ടര്‍ബോള്‍ട്ട് സേനയും ലോക്കല്‍ പൊലീസിന്റെയും നിരീക്ഷണ വലയത്തിലാണ്. ഇന്റലിജൻസ് വിഭാഗങ്ങളും പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.
നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ആകാശനിരീക്ഷണം തുടരുന്നുണ്ട്. മാവോവാദികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന പൊലീസ് നിഗമനത്തെ തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇതിന്റെ ഭാഗമായി ഹെലികോപ്ടര്‍, ഡ്രോണ്‍ പരിശോധനകളും വാഹന പരിശോധനകളും ഊര്‍ജിതമാക്കാനാണ് തീരുമാനം.
إرسال تعليق