നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ചെന്നൈ ആശുപത്രി. ശ്വാസകോശ ബുദ്ധിമുട്ടുകള്‍ തുടരുന്നുവെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. രണ്ടാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു വിജയകാന്ത്. തൊണ്ടയിലെ അണുബാധയെ തുടര്‍ന്നാണ് നവംബര്‍ 18ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നും ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.
വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
إرسال تعليق