Join News @ Iritty Whats App Group

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫാനില്‍ നിന്ന് ഷോക്കേറ്റ് ഒരു വീട്ടിലെ നാല് കുട്ടികള്‍ മരിച്ചു


കാണ്‍പൂര്‍: കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ ഫാനില്‍ നിന്ന് ഷോക്കേറ്റ് നാല് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലായിലുള്ള ലാല്‍മന്‍ ഖേദ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചവരെല്ലാം.

വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവരെല്ലാം ജോലി ചെയ്യാനായി പാടത്ത് പോയിരുന്ന സമയത്താണ് ദാരുണമായ അപകടമുണ്ടായത്. മായങ്ക് (9), ഹിമാന്‍ഷി (8), ഹിമാന്‍ക് (6), മാന്‍സി (4) എന്നിവരാണ് മരിച്ചത്. വീട്ടിലെ പെഡസ്റ്റല്‍ ഫാനിന്റെ വയറില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്ന് കണ്ടെത്തി. ഫാനിന്റെ വയറില്‍ ഇന്‍സുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളില്‍ ഒരാള്‍ കളിക്കിടെ അബദ്ധത്തില്‍ തൊടുകയായിരുന്നു.

ഷോക്കേറ്റ് നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ സഹോദരങ്ങള്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. പാടത്ത് ജോലിക്ക് പോയിരുന്ന മുതിര്‍ന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് നാല് കുട്ടികളെയും മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചത് അനുസരിച്ച് ബറസഗ്വാര്‍ പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. 

എല്ലാവരുടെയും മരണ കാരണമായത് വൈദ്യുതാഘാതമേറ്റത് തന്നെ ആണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി സര്‍ക്കിള്‍ ഓഫീസര്‍ അഷുതോഷ് കുമാര്‍ അറിയിച്ചു. ആദ്യം കുട്ടികളില്‍ ഒരാള്‍ക്ക് ഷോക്കേല്‍ക്കുകയും അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ കൂടി അപകടത്തില്‍ പെടുകയും ചെയ്തതായാണ് സാഹചര്യം പരിശോധിച്ചതില്‍ നിന്ന് മനസിലാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

أحدث أقدم
Join Our Whats App Group