തിരുവനന്തപുരം: എൻഡിഎയുടെ സഖ്യകക്ഷിയാകാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ദേവഗൗഡയോട് ആവശ്യപ്പെടുമെന്ന് സിഎം ഇബ്രാഹിം. തങ്ങളാണ് ഔദ്യോഗിക പാർട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഡിസംബർ ഒൻപതിന് ബെംഗളൂരുവിൽ ദേശീയ കൗൺസിൽ വിളിക്കുമെന്ന് പറഞ്ഞു. ഈ യോഗത്തിലും കേരളത്തിലെ എംഎൽഎമാർ പങ്കെടുത്തില്ലെങ്കിൽ നടപടിയെടുക്കും. മാത്യു ടി തോമസിനും മന്ത്രി കെ കൃഷ്ണൻകുട്ടിയോടും ഡിസംബർ ഒൻപതിന് മുൻപ് ബിജെപിക്ക് ഒപ്പമാണോയെന്ന് തീരുമാനിക്കണമെന്ന് ഇന്ന് തിരുവനന്തപുരത്ത് ചേർന്ന പാർട്ടി ദേശീയ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
ജെഡിഎസ് സംസ്ഥാന നേതാക്കൾക്കെതിരെ സികെ നാണു രംഗത്ത് വന്നു. ഇന്നത്തെ യോഗത്തോട് നേതാക്കൾ മുഖം തിരിച്ചത് ശരിയായില്ല. ഡിസംബർ 9 ന് ചേരുന്ന യോഗത്തിൽ നേതാക്കൾ നിർബന്ധമായും പങ്കെടുക്കണം. എൻഡിഎയിൽ ചേരാനുള്ള തീരുമാനം ദേവഗൗഡ ഏകപക്ഷീയമായി എടുത്തതാണ്. ഈ ബന്ധം ഡിസംബർ ഒൻപതിന് മുൻപ് ഉപേക്ഷിക്കണം. അല്ലെങ്കിൽ ദേവഗൗഡയ്ക്ക് എതിരെ നടപടിയെടുക്കും. ഡിസംബർ ഒൻപതിലെ യോഗത്തിൽ മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും പങ്കെടുത്തില്ലെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രിയെ കാണുമെന്ന് സിഎം ഇബ്രാഹിമും വ്യക്തമാക്കി.
സിഎം ഇബ്രാഹിമിനെ ദേശീയ പ്രസിഡണ്ടാക്കി ജെഡിഎസ് കോർ കമ്മിറ്റി ഉണ്ടാക്കാനാണ് നീക്കം. സികെ നാണുവിന്റെ നേതൃത്വത്തിലാണ് ഇന്ന് തിരുവനന്തപുരത്ത് ദേശീയ എക്സിക്യൂട്ടീവ് ചേർന്നത്. കൃഷ്ണൻകുട്ടിയും മാത്യുടി തോമസും വിട്ടുനിന്നു. ഇന്ന് രണ്ടിലൊന്ന് അറിയാമെന്നും തങ്ങളാണ് യഥാർത്ഥ ജെഡിഎസ് എന്നുമായിരുന്നു യോഗത്തിന് മുൻപ് സിഎം ഇബ്രാഹിം പറഞ്ഞത്.
എൻഡിഎക്കൊപ്പം ചേർന്ന ദേവഗൗഡക്കെതിരെ യഥാർത്ഥ ജെഡിഎസ് രൂപീകരിക്കാൻ യോഗം വിളിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നായിരുന്നു യോഗത്തിന് മുൻപ് സികെ നാണു പറഞ്ഞത്. പാർട്ടിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ എംഎൽഎമാർ തയ്യാറാകുന്നില്ല. താൻ വിളിച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തെ എതിർക്കുന്ന നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമാണെന്നും സികെ നാണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
إرسال تعليق