കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുഴിമാടത്തിൽ പൂക്കൾ വിതറിയും തിരിതെളിച്ചും മാതാപിതാക്കളും സഹോദരങ്ങളും. നിർണായകമായ വിധി ഇന്ന് വരുന്ന പശ്ചാത്തലത്തിലാണ് കുടുംബം കീഴ്മാട് പൊതുശ്മാശനത്തിൽ പഞ്ചായത്ത് പ്രതിനിധികൾക്കൊപ്പം എത്തിയത്. ഇന്നലെ വൈകിട്ടാണ് മാതാപിതാക്കള്‍ കുട്ടിയുടെ മൃതദേഹം സംസ്കരിച്ച കീഴ്മാട് പൊതുശ്മശാനത്തില്‍ എത്തിയത്. ഇവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നു. പഞ്ചായത്തിലെ പ്രതിനിധികളും ഇവര്‍ക്കൊപ്പം സ്ഥലത്തെത്തി. കുഴിമാടത്തിനരികെ വിതുമ്പിയ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ കൂടെയെത്തിയവരും കുഴങ്ങി.
കുഴിമാടത്തിലുണ്ടായിരുന്ന ഇലകളും മറ്റും നീക്കം ചെയ്തശേഷം ചിരാതുകളില്‍ എണ്ണയൊഴിച്ച് തിരി തെളിയിച്ചശേഷമാണ് പൂക്കള്‍ അര്‍പ്പിച്ചത്. പഞ്ചായത്ത് പ്രതിനിധികള്‍ പുഷ്പചക്രവും സമര്‍പ്പിച്ചു. മകള്‍ക്ക് നീതി ലഭിക്കുന്നതിനായി ക്രൂരകൃത്യം ചെയ്ത അസ്ഫാക് ആലത്തിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന ആഗ്രഹത്തോടെ കുഴിമാടത്തിനരികില്‍നിന്ന് പ്രാര്‍ത്ഥിച്ചശേഷമാണ് മാതാപിതാക്കള്‍ കണ്ണീരോടെ അവിടെനിന്നും മടങ്ങിയത്. വിടരും മുന്‍പേ പറിച്ചെടുക്കപ്പെട്ട് കണ്ണീരോര്‍മയായി ആലുവയിലെ അഞ്ചുവയസുകാരി തീരുമ്പോഴും കേസിലെ വിധി എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ വിധി പ്രസ്താവന കേള്‍ക്കുന്നതിനായി മാതാപിതാക്കള്‍ കോടതിയിലെത്തിയിട്ടുണ്ട്.
ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ നൽകണമെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കിയത്. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും ഇനിയൊരുകുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നുമാണ് ഇരുവരും പറയുന്നത്. പ്രതിക്ക് മരണശിക്ഷ നൽകണമെന്നും അതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളുടെ കുട്ടിയെ കൊന്ന അയാൾക്കും ജീവിക്കാൻ അവകാശമില്ല. പുറത്തുവന്നാൽ അയാൾ ഇതുതന്നെ ആവർത്തിക്കും. അയാൾ മനുഷ്യനല്ല, മനുഷ്യരൂപം പൂണ്ട രാക്ഷസനാണെന്നും പിതാവ് പറഞ്ഞു. വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ മാതാവും ആവര്‍ത്തിച്ചു. തന്‍റെ കുട്ടി ജീവിച്ചിരിപ്പില്ല. അതുകൊണ്ടു തന്നെ അയാളും ജീവിച്ചിരിക്കരുത്. ഇതാണ് തങ്ങളുടെ നിലപാടെന്നും അവര്‍ പറഞ്ഞു.
കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് കോടതി വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു.
إرسال تعليق