Join News @ Iritty Whats App Group

ശബരിമലയിലേക്ക് വന്ന തമിഴ്‌നാട്ടുകാര്‍ ഒമ്പതു വയസുകാരിയെ ബസില്‍ മറന്നു വെച്ചു ; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ കണ്ടെത്തി പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചു


പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനു വന്ന തമിഴ്‌നാട്ടില്‍നിന്നുള്ള സംഘത്തില്‍പ്പെട്ട ഒമ്പതു വയസുകാരിയെ ബസില്‍ മറന്നു. കുട്ടിയെ കണ്ടെത്തി തിരിച്ചെത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ഇന്നലെ രാവിലെ 10-ന് പമ്പയിലാണു സംഭവം.

രക്ഷിതാക്കള്‍ തെരച്ചില്‍ നടത്തുന്നുവെന്ന പോലീസിന്റെ വയര്‍ലസ് സന്ദേശം കേട്ടാണ് പട്രോളിങ് നടത്തി വന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കുട്ടിയെ കണ്ടെത്തി പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ബസില്‍ ദര്‍ശനത്തിനു വന്ന തമിഴ്‌നാട് സ്വദേശികളുടെ ഭവ്യ എന്ന കുട്ടിയെയാണ് ഇറങ്ങുമ്പോള്‍ കൂടെ കൂട്ടാന്‍ ഒപ്പമുള്ളവര്‍ മറന്നത്.

പമ്പയില്‍ ഇവരെ ഇറക്കി ബസ് തിരികെ നിലയ്ക്കലിലേക്കു പുറപ്പെട്ടതിന് ശേഷമാണ് കുട്ടിയില്ലെന്ന വിവരം ഒപ്പമുണ്ടായിരുന്ന പിതാവും മുത്തശിയും മനസിലാക്കിയത്. ഉടന്‍ തന്നെ ഇവര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി വിവരം അറിയിച്ചു. പോലീസിന്റെ വയര്‍ലെസ് സെറ്റിലൂടെ ഉടന്‍തന്നെ ഈ വിവരം െകെമാറുകയും ചെയ്തു.

ഈ സമയം ആറ്റിങ്ങല്‍ എ.എം.വി.ഐ: ആര്‍. രാജേഷും കുന്നത്തൂര്‍ എ.എം.വി.ഐ: ജി. അനില്‍കുമാറും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പട്രോളിങ്ങിലായിരുന്നു. വയര്‍ലെസ് സന്ദേശത്തില്‍ ബസിന്റെ നമ്പര്‍ വിളിച്ചു പറഞ്ഞിരുന്നു.

അട്ടത്തോടിന് സമീപംവച്ച് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഈ നമ്പരിലുള്ള ബസ് കണ്ടെത്തി. ഡ്രൈവറോടും കണ്ടക്ടറോടും കുട്ടി അതിലുണ്ടോ എന്നു തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഇതു കണക്കിലെടുക്കാതെ ഇരുവരും വാഹനത്തില്‍ കയറി വിശദമായി പരിശോധിച്ചു. വണ്ടിയുടെ ഏറ്റവും പിന്നിലായുള്ള സീറ്റിന്റെ തൊട്ടു മുന്നിലെ മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ കുട്ടി സുഖനിദ്രയിലായിരുന്നു.

കുട്ടിയെ കിട്ടിയ വിവരം പോലീസിനു െകെമാറാന്‍ ശ്രമിച്ചെങ്കിലും വയര്‍ലസ് സെറ്റിന് റേഞ്ച് ഇല്ലാത്തതിനാല്‍ കഴിഞ്ഞില്ല. അതിനിടെ സ്ഥലത്തെത്തിയ പോലീസിനോട് കുട്ടിയെ കിട്ടിയെന്ന വിവരം അറിയിച്ച ശേഷം മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി തന്റെ സംഘത്തില്‍ വന്നവര്‍ക്കൊപ്പം ചേര്‍ന്നു. നാലാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group