ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഇ.ഡി.യ്ക്ക് മുമ്പാകെ ഹാജരാകില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോള്‍ ഹാജരാകാനില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും കാണിച്ച് കെജ്‌രിവാള്‍ കേന്ദ്ര ഏജന്‍സിയ്ക്ക് കത്ത് നല്‍കി. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തന്നെ ഈ സംസ്ഥാനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്താനാണ് നോട്ടീസ് എന്നാണ് കെജ്‌രിവാള്‍ നല്‍കിയിരിക്കുന്ന മറുപടി.
നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കെതിരേയുള്ള ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ഇ.ഡി.യുടെ നീക്കമെന്നും തനിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള തെളിവോടെയല്ല നോട്ടീസ് അയച്ചിരിക്കുന്നതെന്നും കെജ്‌രിവാള്‍ നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തനിക്ക് പ്രചരണയോഗത്തിനായി മദ്ധ്യപ്രദേശിലേക്ക് പോകേണ്ടതുണ്ടെന്നും ആ പ്രചരണപരിപാടി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും കെജ്‌രിവാള്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
ഇന്ന് 11 മണിയോടെ ഹാജരാകാനായിരുന്നു ഇ.ഡി. നോട്ടീസെങ്കിലും 11.30 യോടെ കെജ്‌രിവാള്‍ മദ്ധ്യപ്രദേശിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. രാഷ്ട്രീയപ്രേരിതമെന്ന് കാട്ടി നോട്ടീസിനെതിരേ നിയമനടപടി സ്വീകരിക്കാനും ആംആദ്മി പാര്‍ട്ടിക്ക് ഉദ്ദേശമുണ്ട്. അറസ്റ്റിനെതിരേയുള്ള ആദ്യനീക്കങ്ങളായിട്ടാണ് നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം 100 കോടി അഴിമതിയുടെ വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കെജ്‌രിവാളിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നും അവര്‍ പറയുന്നു.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്ന് ആരോപിച്ച് ആംആദ്മിപാര്‍ട്ടി ഇന്ന് ഡല്‍ഹിയില്‍ വലിയ പ്രതിഷേധം നടത്താനിരിക്കെയാണ് കെജ്‌രിവാള്‍ ഹാജരാകേണ്ടെന്ന് തീരുമാനം എടുത്തിരിക്കുന്നത്. നേരത്തേ ആംആദ്മി പാര്‍ട്ടിയുടെ നേതാക്കളായ മനീഷ് സിസോദിയ സഞ്ജയ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ കെജ്‌രിവാളിനെ കൂടി ജയിലിലാക്കുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Ads by Google
إرسال تعليق