പാലിന്റെയും മാംസത്തിന്റെയും ഉൽപാദനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ്. രാജ്യത്തെ ആകെ പാൽ ഉൽപ്പാദനത്തിൽ 15.72 ശതമാനവും സംഭാവന ചെയ്യുന്നത് ഉത്തർപ്രദേശ് ആണ്. അതേ സമയം രാജ്യത്തെ മൊത്തം മാംസ ഉൽപാദനത്തിലെ 12.20% വിഹിതവും യുപിയുടേതാണ്. 2022-23 കാലയളവിൽ രാജ്യത്തെ മൊത്തം പാൽ ഉൽപ്പാദനം 230.58 ദശലക്ഷം ടണ്ണാണെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പാൽ ഉൽപ്പാദനം 22.81% വർധിച്ചിട്ടുണ്ട്. 2018-19ൽ വാർഷിക വളർച്ചാ നിരക്ക് 6.47% ആയിരുന്നു; 2019-20ൽ 5.69 ശതമാനവും 2020-21ൽ 5.81 ശതമാനവും 2021-22ൽ 5.77 ശതമാനവും ആയിരുന്നു വളർച്ചാനിരക്ക്. രാജസ്ഥാൻ (14.44 %), മധ്യപ്രദേശ് (8.73 %), ഗുജറാത്ത് (7.49 %), ആന്ധ്രാപ്രദേശ് (6.70 %) എന്നിവയാണ് രാജ്യത്തെ മുൻനിര പാലുൽപ്പാദന സംസ്ഥാനങ്ങൾ. 2022-23ൽ രാജ്യത്തെ മൊത്തം മാംസ ഉൽപ്പാദനം 9.77 ദശലക്ഷം ടണ്ണാണ്. 2018-19ലെ 8.11 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് കഴിഞ്ഞ 5 വർഷത്തിനിടയിൽ 20.39% ആണ് വളർച്ച. ഒന്നാം സ്ഥാനത്തുള്ള യുപിക്ക് പിന്നാലെ പശ്ചിമ ബംഗാൾ (11.93 %), മഹാരാഷ്ട്ര (11.50 %), ആന്ധ്രാപ്രദേശ് (11.20%), തെലങ്കാന (11.06 %) എന്നിവയാണ് മറ്റ് മുൻനിര മാംസ ഉൽപാദക സംസ്ഥാനങ്ങൾ
2022-23 കാലയളവിൽ രാജ്യത്തെ മൊത്തം മുട്ട ഉൽപ്പാദനം 138.38 ബില്യണാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 33.31% വളർച്ചയാണ് മുട്ട ഉൽപ്പാദനത്തിലുണ്ടായത്. ഏറ്റവും കൂടുതൽ മുട്ട ഉൽപാദിപ്പിക്കുന്നത് ആന്ധ്രാപ്രദേശാണ്. ആകെ ഉൽപാദനത്തിന്റെ 20.13 % വിഹിതവും ആന്ധ്രയുടെ സംഭാവനയാണ് . തമിഴ്നാട് (15.58 %), തെലങ്കാന (12.77 %), പശ്ചിമ ബംഗാൾ (9.94%), കർണാടക (6.51 %) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
إرسال تعليق