തിരുവനന്തപുരം: കൊല്ലം ഓയൂരില്‍നിന്നും കാറില്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിയെ 20 മണിക്കൂറിനുശേഷം കണ്ടെത്തിയ സംഭവം ഏറെ ആശ്വാസകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി പറഞ്ഞു.കേരളീയ സമൂഹത്തിന്‍റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായി. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ സംഘങ്ങളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് നിര്‍ഭാഗ്യകരമാണ്. ഓയൂര്‍ ഭാഗത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനു ശേഷം കൊല്ലം നഗരത്തിലെ തിരക്കേറിയ പ്രദേശത്തിന് സമീപമാണ് കുട്ടിയെ സംഘം ഉപേക്ഷിച്ചത്.
ഇത്രയും ദൂരം പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഈ സംഘത്തിന് സഞ്ചരിക്കാനായത് ? കേരളത്തിന്‍റെ മുക്കിലും മൂലയിലും എഐ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വലിയ പോലീസ് സന്നാഹവും ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിമിനല്‍ സംഘത്തെ അടിയന്തരമായി കണ്ടെത്തണമെന്നും കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
إرسال تعليق