ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. വെടിനിർത്തലിന് പകരമായി ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തില്ലെന്നാണ് കരാർ. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിൻറെ തീരുമാനം.
46 ദിവസത്തെ പശ്ചിമേഷ്യൻ സംഘർഷത്തിനു ശേഷം സമാധാനത്തിലേക്കുള്ള നിർണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിൻറെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുകയായിരുന്നു. അതിനിടെ 38 അംഗ ഇസ്രയേൽ മന്ത്രിസഭ നാല് ദിവസം വെടിനിർത്താൻ തീരുമാനിച്ചു. മൂന്ന് മന്ത്രിമാർ ഒഴികെ എല്ലാ അംഗങ്ങളും വെടിനിർത്തലിനോട് യോജിച്ചു.
യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്തതിൻറെ പേരിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്ക്കാലിക വെടിനിർത്തൽ കരാറിലൂടെ ബന്ദികളിൽ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങുന്നത്.
ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിലൂടെയാണ് ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയത്. അതേസമയം ഇതിനോടകം 13,300ൽ അധികം പേർ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടു. ഇവരിൽ ആയിരക്കണക്കിന് കുട്ടികളും ഉൾപ്പെടുന്നു.
إرسال تعليق