കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമുള്‍പ്പെടുന്നു. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിരക്കിൽ പെട്ട് 46 പേർക്ക് പരിക്കേറ്റുതായാണ് വിവരം. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന് നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്ക് മഴ പെയ്തപ്പോൾ പുറത്തുനിന്നവർ ഓടിക്കയറി.
തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെയാണ് മരണമടഞ്ഞത്.
إرسال تعليق