Join News @ Iritty Whats App Group

സ്കൂള്‍ ബാഗുമായിറങ്ങും, ടൗണില്‍വെച്ച്‌ യൂണിഫോം മാറും, പാര്‍ക്കിലും ബീച്ചിലും ചുറ്റിയടിച്ച 107 പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും പിടികൂടി പോലീസ്


കണ്ണൂര്‍: സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയുമെല്ലാം വഴിതെറ്റിക്കുന്നുണ്ടെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രക്ഷിതാക്കള്‍ നല്‍കുന്ന അമിത സ്വാതന്ത്ര്യം മുതലെടുക്കുന്ന കുട്ടികളില്‍ പലരും ക്ലാസിലെത്താതെ ബീച്ചുകളിലും പാര്‍ക്കുകളിലുമെല്ലാം ചുറ്റിയടിക്കുന്നത് പതിവാകുകയാണ്

കണ്ണൂരില്‍ 'വാച്ച്‌ ദ ചില്‍ഡ്രന്‍' പദ്ധതിയില്‍ ആറുമാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാര്‍ഥികളാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് സമയങ്ങളിലോ ക്ലാസ് വിട്ടതിനുശേഷമോ ചുറ്റിക്കറങ്ങുന്നത് നിരീക്ഷിക്കാനായാണ് കണ്ണൂര്‍ പോലീസ് 'വാച്ച്‌ ദ ചില്‍ഡ്രന്‍' പദ്ധതി നടപ്പാക്കിയത്. കറങ്ങിനടക്കേണ്ട, വിവരമറിയും എന്നാണ് എ.സി.പി. ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ടാഗ് ലൈന്‍.

ചില വിദ്യാര്‍ഥികള്‍ ബീച്ചുകള്‍, മാളുകള്‍, കോട്ട, ബസ് സ്റ്റാന്‍ഡുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ കറങ്ങുന്നതായും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംവിധാനം തുടങ്ങിയത്. സ്‌കൂളിന് പുറത്തും കുട്ടികളെത്തുന്ന സ്ഥലങ്ങളിലും പിങ്ക് പോലീസ് ജാഗ്രതയോടെ നിരീക്ഷിക്കുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, മുഖ്യാധ്യാപകര്‍, വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍, വനിതാ, പിങ്ക് പോലീസ് എസ്.ഐ.മാര്‍ എന്നിവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പും രൂപവത്കരിച്ചിട്ടുണ്ട്.

ചുറ്റിക്കറങ്ങുന്ന വിദ്യാര്‍ഥികളുടെ അടുത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയാണ് ആദ്യം ചെയ്യുന്നത്. വ്യക്തമായ കാരണമില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് മാനസികപിരിമുറുക്കം ഇല്ലാതെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി വിട്ടയക്കുകയാണ് പതിവ്.

കഴിഞ്ഞദിവസം ജില്ലയിലെ ഒരു സ്‌കൂളിലെ അഞ്ചാംക്ലാസുകാരി സ്‌കൂള്‍ യൂണിഫോമിന് മുകളിലായി മറ്റൊരു വസ്ത്രംധരിച്ച്‌ നഗരത്തിലെ തിയേറ്ററിലെത്തി. കൂട്ടിനായി എത്തിയത് തിരുവനന്തപുരത്തുനിന്നുള്ള പ്ലസ് ടു വിദ്യാര്‍ഥി. സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ടവരാണിവര്‍. ആലപ്പുഴയില്‍നിന്നുള്ള യുവാവും സുഹൃത്തും കണ്ണൂര്‍ കോട്ടയില്‍ എത്തിയത് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസുകാരിയെ കാണാന്‍. കൃത്യസമയത്ത് തങ്ങള്‍ എത്തിയതുകൊണ്ടാണ് കുട്ടികള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സുഹൃത്തുക്കളെ കാണാന്‍ വേണ്ടി പല സ്ഥലങ്ങളിലായി എത്തുന്നവരാണ് ഭൂരിഭാഗംപേരും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതും മയക്കുമരുന്നിന് അടിമയാക്കുന്നതുമെല്ലാം തടയുകയാണ് പോലീസ് ലക്ഷ്യമാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group