ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. നവംബർ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഡൽഹി മദ്യ നയക്കേസിലാണ് ഇഡി നോട്ടീസ് നൽകിയത്. കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന് നോട്ടീസ് നൽകിയത്.
കഴിഞ്ഞ ഏപ്രിൽ 16 ന് കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ സിബിഐ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇഡി നോട്ടീസിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി ശക്തമായി രംഗത്തെത്തി.
ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി നടത്തുന്ന നല്ല പ്രവർത്തനങ്ങളെ ബിജെപി ഭയപ്പെടുന്നതാണ് വേട്ടയാടലിനു കാരണമെന്ന് മന്ത്രി അതീഷി പ്രതികരിച്ചു. എഎപിയെ ബിജെപി ഭയപ്പെടുന്നതിനാലാണ് വ്യാജ കേസുകൾ ചുമത്തി നേതാക്കളെ ജയിലിലടക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മദ്യനയക്കേസിൽ ആം ആദ്മിയുടെ പ്രമുഖരായ രണ്ട് നേതാക്കൾ നിലവിൽ ജയിലിൽ കഴിയുകയാണ്. രാജ്യസഭയിലെ ആം ആദ്മി പ്രതിനിധിയായ സഞ്ജയ് സിംഗിനെ ഒക്ടോബർ 4 നാണ് ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയ കേസിൽ ആദ്യമായി അറസ്റ്റിലായ എഎപി നേതാവ് മനീഷ് സിസോദിയയാണ്.
إرسال تعليق