Join News @ Iritty Whats App Group

ഒടുവില്‍ മുഖ്യമന്ത്രിയുടെ പച്ചക്കൊടി 'ഗവര്‍ണറെ കോടതിയില്‍ പൂട്ടും' ; ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന നടപടിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്തു സുപ്രീം കോടതിയെ സമീപിക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പച്ചക്കൊടി. പ്രമുഖ ഭരണഘടനാ വിദഗ്ധന്‍ കെ.കെ. വേണുഗോപാല്‍ തയാറാക്കിയ ഹര്‍ജി, മുഖ്യമന്ത്രിയുടെ പരിഗണനയിലായിരുന്നു. അതിനിടെയാണു സമാനവിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അവിടുത്തെ ഗവര്‍ണര്‍ക്കെതിരായി സുപ്രീം കോടതിയുടെ പരാമര്‍ശമുണ്ടായത്.

ഇതേത്തുടര്‍ന്നു കേരള ഗവര്‍ണര്‍ക്കു മനം മാറുമോ എന്നറിയാനായിരുന്നു സര്‍ക്കാര്‍ കാത്തിരുന്നത്. എന്നാല്‍, ഗവര്‍ണറുടെ നിലപാടില്‍ മാറ്റമില്ലെന്നു കണ്ടതോടെയാണു ഹര്‍ജി ഫയല്‍ ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു ഫയല്‍ ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ ഓഫീസിലെത്തി.

ബില്ലുകള്‍ തന്നിഷ്ടപ്രകാരം തടഞ്ഞുവച്ച ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യംചെയ്യാമെന്നു മുതിര്‍ന്ന അഭിഭാഷകരായ എഫ്.എസ്. നരിമാനും കെ.കെ. വേണുഗോപാലും സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നു.

ബില്ലില്‍ ഗവര്‍ണര്‍ക്കു നാല് അധികാരങ്ങളാണു ഭരണഘടന നല്‍കുന്നത്. 1. ബില്‍ അതേപടി അംഗീകരിക്കുക 2. തനിക്കു വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്ക്കുക 3. പുനഃപരിശോധനയ്ക്കു തിരിച്ചയക്കുക 4. രാഷ്ട്രപതിക്ക് അയയ്ക്കുക.

തിരിച്ചയയ്ക്കുന്ന ബില്‍ വീണ്ടും സഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം. അതുകൊണ്ടാണു വ്യക്്തത വരുന്നതുവരെ തടഞ്ഞുവയ്ക്കുകയെന്ന മാര്‍ഗം ദുരുപയോഗം ചെയ്യുന്നത്. ഇതിലും എത്രയും വേഗം തീരുമാനമെടുക്കണമെന്നാണു വ്യവസ്ഥ. തീരുമാനവും അതിന്റെ കാരണവും സര്‍ക്കാരിനെ അറിയിക്കണം. ഇതുചെയ്യാതെ സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്താനാണു ഗവര്‍ണറുടെ ശ്രമമെന്നാണു സര്‍ക്കാരിന്റെ പരാതി. ബില്ലിന്മേല്‍ വ്യക്തത വരുത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച വിഷയം കോടതി മുമ്പാകെ അവതരിപ്പിക്കും.

കേരള സഹകരണ സംഘങ്ങള്‍ ഭേദഗതി ബില്‍, കേരള ലോകായുക്ത ഭേദഗതി ബില്‍, സര്‍വകലാശാലാ ഭേദഗതി ബില്‍ (ട്രിബ്യൂണലുകളുടെ നിയമനം), സര്‍വകലാശാല രണ്ടാം നമ്പര്‍ ഭേദഗതി ബില്‍, കലിക്കറ്റ് സര്‍വകലാശാല സെനറ്റും സിന്‍ഡിക്കറ്റും (അഡ്‌ഹോക് അറേഞ്ച്‌മെന്റ്) ബില്‍, കേരള പൊതുജനാരോഗ്യ ബില്‍, കേരള സര്‍വകലാശാല രണ്ടാം നമ്പര്‍ ഭേദഗതി ബില്‍ ഉള്‍പ്പെടെ സര്‍വകലാശാല നിയമ ഭേദഗതികള്‍ ബില്ലടക്കം എട്ടു ബില്ലുകളാണു തടഞ്ഞുവച്ചിരിക്കുന്നത്.

ഇതില്‍ കേരള ലോകായുക്താ ഭേദഗതി ബില്‍ സംസ്ഥാന സര്‍ക്കാരിനു പ്രധാനപ്പെട്ടതാണ്. മുഖ്യമന്ത്രിയെ അടക്കം ബാധിക്കുന്ന കേസാണിത്. ഈ സാഹചര്യത്തിലാണു കേരളം സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിനിറങ്ങുന്നത്. തടഞ്ഞു വച്ച പല ബില്ലുകളിലേയും നടപടികള്‍ കോടതി പരിഗണനയിലുമാണ്.

Post a Comment

أحدث أقدم
Join Our Whats App Group