കല്‍പ്പറ്റ: മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാൽ സ്വദേശി ഗിരീഷിന് ഇപ്പോൾ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല. എന്നാല്‍ എല്ലാവിധ ചികിത്സയും നൽകിയിരുന്നു എന്നാണ് ഡോക്ടറുടെ മറുപടി. ഡോക്ടര്‍ ചികിത്സാ രേഖകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗിരീഷ് ആരോപിക്കുന്നു.
സെപ്തംബർ 13നാണ് ഹെർണിയക്ക് ചികിത്സതേടി ഗിരീഷ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ഡോ. ജുബേഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രാവിലെ 10.30ഓടെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ മുതല്‍ വേദനയുണ്ടായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. സര്‍ജറിയുടെ വേദനയായിരിക്കും എന്നാണ് അപ്പോള്‍ കരുതിയത്. ഇക്കാര്യം ഡ്യൂട്ടി നഴ്സിനോട് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുന്നതു വരെ ഒരു ഡോക്ടര്‍ പോലും വന്ന് നോക്കിയില്ലെന്നും ഗിരീഷ് പറഞ്ഞു. മുറിവ് പരിശോധിക്കുകയോ വേദനയുടെ കാര്യം തിരക്കുകയോ ചെയ്തില്ല.
ശസ്ത്രക്രിയക്ക് ശേഷം വൃഷ്ണത്തിൽ നീരുവച്ചു. അസഹ്യമായ വേദന തുടർന്നു. സ്റ്റിച്ച് അഴിക്കാൻ ചെന്നപ്പോള്‍ സ്കാന്‍ ചെയ്തു. സ്കാന്‍ റിപ്പോര്‍ട്ടില്‍ തന്നെ പ്രശ്നം വ്യക്തമായിരുന്നു. പുറത്ത് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് വൃഷണം നീക്കം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചത്. സ്റ്റിച്ച് എടുക്കുന്ന സമയത്ത് നടത്തിയ സ്കാനില്‍ പ്രശ്നം വ്യക്തമായിട്ടും ഡോ. ജുബേഷ് ആരോഗ്യ സ്ഥിതി മറച്ചുവെച്ചു. ഹെർണിയ ശസ്ത്രക്രിയ നടത്തിയിടത്ത് പഴുപ്പു കൂടിയതിനെ തുടര്‍ന്ന് വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു.
ഡോ.ജുബേഷ് ചികിത്സാ രേഖകൾ തിരുത്താൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമുണ്ട്. കേസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഗിരീഷ് ശേഖരിച്ചു. അതില്‍ തെറ്റായി വിവരങ്ങള്‍ ചേര്‍ത്തതായി കണ്ടെത്തി. രണ്ടാം ദിവസം മുറിവ് പരിശോധിച്ചെന്നും അതില്‍ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്നും കേസ് റെക്കോര്‍ഡില്‍ ചേര്‍ത്തു. ഒരു ഡോക്ടര്‍ പോലും നോക്കുകയോ പരിചരിക്കുകയോ ചെയ്യാതെയാണ് ഇത്തരത്തില്‍ രേഖകള്‍ തയ്യാറാക്കി വെച്ചത്. ഇത് എഴുതിയ നഴ്സിനെയും ഡോക്ടറെയും വിശദമായി ചോദ്യം ചെയ്യണമെന്ന് ഗിരീഷ് ആവശ്യപ്പെടുന്നു.
ആരോഗ്യവകുപ്പിലെ ക്ലർക്കാണ് ഗിരീഷ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നാലുവർഷം ജോലി ചെയ്തിട്ടുമുണ്ട്. അതേ സ്ഥാപനത്തില്‍ നിന്നാണ് ഗിരീഷാണ് ഈ ദുരിതം നേരിടേണ്ടി വന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും മൊഴി പോലും എടുത്തില്ല. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നും വയനാട് ഡിഎംഒ അറിയിച്ചു.
إرسال تعليق