ഇരിട്ടി: പ്രദേശവാസികൾക്ക് വൻ ദുരിതം തീർത്ത് ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര പെരിയത്തിൽ എലിപ്പറമ്പിൽ പ്രവർത്തിച്ചുവരുന്ന എല്ല് സംസ്കരണ യൂണിറ്റ്. ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ നഗരസഭ ആരോഗ്യ വിഭാഗം ഇതിന്റെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി.
ഒരു വർഷം മുൻപാണ് എല്ല് സംസ്കരണ യൂണിറ്റ് എലിപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ചത്. പോത്തിന്റെയും കാളയുടെയുമുൾപ്പെടെ എല്ലുകളും മാംസഭാഗങ്ങളുമടക്കം അന്യസംസ്ഥാനത്തു നിന്നടക്കം ശേഖരിച്ച് ഇവിടെ എത്തിക്കുകയും അവ പുഴുങ്ങി പൊടിച്ച് കൊണ്ടുപോവുകയുമാണ് ചെയ്തിരുന്നത്. ഇതിനായി വിവിധ മേഖലകളിൽ നിന്നും ഇവിടെ കൊണ്ടുവരുന്ന എല്ലുകളും മാംസഭാഗങ്ങളും ദുർഗന്ധം വമിച്ച് നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയായിരുന്നു. വീട്ടിൽനിന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതോടെയാണ് നാട്ടുകാർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. ഇവിടെ നിന്നുമുള്ള മലിനജലം സമീപപ്രദേശങ്ങളിലെ കിണറിലേക്ക് ഒളിച്ചിറങ്ങാനുള്ള സാഹചര്യവും ഏറെയാണ്. പ്രതിഷേധം ശക്തമായതോടെ ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. വി. രാജീവന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. നഗരസഭയും മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എല്ല് സംസ്ക്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവെക്കാൻ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.
إرسال تعليق