Join News @ Iritty Whats App Group

മാക്കൂട്ടത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ട് ഒന്നര മാസം;എങ്ങുമെത്താതെ അന്വേഷണം



ഇരിട്ടി:തലശ്ശേരി- കുടക് അന്തര്‍ സംസ്ഥാനപാതയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി ഒന്നര മാസത്തോളമാകുമ്ബോഴും അന്വേഷണത്തില്‍ പുരോഗതിയില്ല.
കൊല്ലപ്പെട്ട യുവതി ആരെന്നു പോലും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് കര്‍ണാടക പൊലീസ് പ്രത്യേക സംഘം. അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ കുടക് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് രണ്ട് പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും കാര്യമുണ്ടായില്ല.

ഒരു ടീം വീരാജ്പേട്ടയും കേരളവും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയപ്പോള്‍ രണ്ടാമത്തെ ടീം മൈസൂരു, ഹാസൻ, ബംഗളൂരു എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചത്. ഇരു ടീമുകളും ഓരോ മേഖലകളിലും കാണാതായ യുവതികളുടെ വിവരം ശേഖരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും അവരൊക്കെ തിരിച്ചെത്തുകയോ, ചുരത്തില്‍ മൃതദേഹം കണ്ടെത്തിയ യുവതി അല്ലെന്ന് ബോധ്യപ്പെടുകയോ ആയിരുന്നു. അഴുകി തുടങ്ങിയ നിലയിലായിരുന്ന മൃതദേഹത്തില്‍ നിന്നു ലഭിച്ച മുടിയും ചുരിദാറും മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം തെളിവായുള്ളത്.

കഴിഞ്ഞ മാസം 18നാണ് മാക്കൂട്ടം പെരുമ്ബാടി ചുരത്തില്‍ 25-30 വയസ് പ്രായം തോന്നിക്കുന്ന അഴുകിയ നിലയിലുള്ള യുവതിയുടെ മൃതദേഹം കണ്ടത്. മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവി സങ്കേതം പരിധിയില്‍ വരുന്ന വനം പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിക്കാൻ വനം വകുപ്പ് നിയോഗിച്ച സംഘത്തില്‍ പെട്ടവരാണ് മൃതദേഹം അടങ്ങിയ ട്രോളി ബാഗ് കണ്ടെത്തിയത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് സമാന സമയത്ത് കാണാതായ യുവതിയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. ബന്ധുക്കള്‍ക്ക് മൃതദേഹം തിരിച്ചറിയാൻ സാധിക്കാതെ വന്നതോടെ ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറെടുക്കുമ്ബോഴാണ് ഈ യുവതിയെ കണ്ടെത്തിയത്.

കണ്ണപുരത്ത് നിന്ന് കാണാതായ യുവതിയെ പറ്റിയും അന്വേഷണം നടത്തിയെങ്കിലും അതല്ലെന്ന് മനസിലാവുകയായിരുന്നു. മൈസൂരു, ബംഗളൂരു ചുമതല സംഘം തൃശ്ശൂരില്‍ നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടര്‍ന്നപ്പോള്‍ ആ യുവതിയെ കോയമ്ബത്തൂരില്‍ നിന്ന് കണ്ടെത്തി.

പേടിപ്പെടുത്തുന്ന കാട്

മാക്കൂട്ടം ചുരം പാതയില്‍ 18 കിലോമീറ്ററോളം വനമേഖലയാണ്. ഇത് സാധാരണ യാത്രക്കാരെ ഭയപ്പെടുത്തുന്നതും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ സങ്കേതവുമാണ്. റോഡിന്റെ വലതുവശം ബ്രഹ്‌മഗിരി വന്യജീവി സങ്കേതവും ഇടതുവശം ചെറുപുഴ മുണ്ടറോഡ് വരെ അതിരിടുന്ന മാക്കൂട്ടം റേഞ്ച് വനമേഖലയുമാണ്. ഈ മേഖലയില്‍ പൊലീസ് പരിശോധനയും പട്രോളിംഗും ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നു.

Post a Comment

أحدث أقدم
Join Our Whats App Group