Join News @ Iritty Whats App Group

'ഹെല്‍മെറ്റില്ലെന്ന് പറഞ്ഞ് പിഴ, സീറ്റ് ബെൽറ്റെവിടെയെന്ന് മറുചോദ്യം'; നടുറോഡിൽ പൊലീസും യുവാവും തമ്മിൽ തർക്കം

കണ്ണൂര്‍: കണ്ണൂരിൽ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കം. ഹെൽമറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ് പറഞ്ഞു. എന്നാൽ പിഴയിട്ടതിൽ പ്രകോപിതനായി യുവാവ് തട്ടിക്കയറിയെന്നാണ് പൊലീസ് വാദം. ചൊക്ലി സ്വദേശി സനൂപിനെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ചൊക്ലി മുക്കിൽപീടികയിലാണ് സംഭവം നടന്നത്. ചൊക്ലി എസ്ഐയും സംഘവുമാണ് പൊലീസ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ചൊക്ലി സ്വദേശി സനൂപുമായാണ് തര്‍ക്കമുണ്ടായത്. സംഭവത്തെ കുറിച്ച് സനൂപ് പറയുന്നതിങ്ങനെ-

"മുക്കിൽപ്പീടികയിൽ നിന്ന് ചായ കുടിക്കുകയിരുന്നു ഞാനും സുഹൃത്ത് പ്രയാഗും. ആ സമയത്തു പൊലീസുകാർ വരികയും ഹെൽമെറ്റില്ലാത്തതിനാൽ ഫൈൻ അടക്കണം എന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. നിർത്തിയിട്ട വാഹനത്തിന് ഫൈൻ അടിക്കേണ്ടതുണ്ടോയെന്ന എന്റെ ചോദ്യത്തിൽ പ്രകോപിതനായ എസ്ഐ 500 രൂപ ഫൈൻ ഇട്ടു. എസ്ഐയെ ചോദ്യംചെയ്തതു കൊണ്ടാണ് ഈ ഫൈൻ ഇട്ടത് എന്നാണ് അയാൾ അപ്പോൾ പറഞ്ഞത്. അതിനു ശേഷം പൊലീസ് വാഹനം അവിടെ നിന്ന് പോവുകയും അൽപ സമയത്തിന് ശേഷം ചായപ്പീടികയ്ക്ക് സമീപം വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

ആ അവസരത്തിൽ പൊലീസുകാര്‍ സീറ്റ്‌ ബെൽറ്റ്‌ ഇടാത്തത് നിയമപരമായി തെറ്റല്ലേ എന്ന് ഞാൻ ചോദിച്ചു. പൊതുജനങ്ങൾ മാത്രം നിയമം പാലിച്ചാൽ മതിയോ എന്ന എന്റെ ചോദ്യത്തിൽ അയാൾ പ്രകോപിതനായി. എനിക്കെതിരെ പൊലീസ് വാഹനം തടഞ്ഞു എന്നും കൃത്യനിർവഹണത്തെ തടസപ്പെടുത്തി എന്നും ആരോപിച്ചു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊതുജനങ്ങൾക്ക് ഒരു നിയമവും അധികാരികൾക്ക് മറ്റൊരു നിയമവും ആവുന്നതിലെ യുക്തിയില്ലായ്മയെ ചോദ്യംചെയ്തതിനാണ് ഇതൊക്കെ ഉണ്ടായത്. പൊലീസിന്റെ അവകാശങ്ങളെ ദുർവിനിയോഗം ചെയ്യുകയാണ് ഭീഷണിയിലൂടെ അയാൾ. തുടർന്ന് പൊലീസും ഞാനും തമ്മിലും അവിടെ കൂടി നിന്ന മറ്റു നാട്ടുകാരുമായും വാക്കുതർക്കം ഉണ്ടായി .ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്"- സനൂപ് ഫേസ് ബുക്കില്‍ കുറിച്ചു.

എന്നാൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചുവരുന്നത് കണ്ടെന്നും അതാണ് പിഴയിട്ടതെന്നുമാണ് പൊലീസ് വാദം. സനൂപിനെതിരെ പൊലീസ് കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആറ് വർഷം മുമ്പ് പൊലീസുകാരനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group