കണ്ണൂര്‍: ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റാണ് പ്രദേശവാസി ജോസ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. ആനയെ തുരത്തിയത് ആളുകള്‍ ഒഴിഞ്ഞുപോയെന്ന് ഉറപ്പാക്കിയ ശേഷമാണെന്നും ജോസ് എങ്ങനെ ആനയുടെ മുന്നിലകപ്പെട്ടെന്ന് അറിയില്ലെന്നും തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ പി. രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആന വരുന്നുണ്ടെന്നും സ്ഥലത്ത് നിന്ന് മാറണമെന്നും ജോസിനോട് പ്രദേശവാസി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രണ്ടുപേരെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ ഒരാള്‍ ആന വരുന്നത് അറിഞ്ഞ് സ്ഥലത്ത് നിന്ന് മാറി. എന്നാല്‍ ജോസിന് ഓടി മാറാന്‍ സാധിച്ചില്ലെന്നാണ് നിഗമനം.
ഇന്ന് രാവിലെ ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് ആത്രശ്ശേരി സ്വദേശി ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആനയെ കാണാന്‍ പ്രദേശത്ത് വലിയ ജനക്കൂട്ടം തമ്പടിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ജോസുമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് ജോസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടിലെത്താതെയായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസമാണ് കാട്ടാന ഉളിക്കല്‍ ടൗണിലിറങ്ങിയത്. ജനവാസ മേഖലയില്‍ തന്നെ ആന തുടര്‍ന്നതോടെ ജാഗ്രതാനിര്‍ദേശങ്ങള്‍ വനംവകുപ്പും പൊലീസ് പുറപ്പെടുവിച്ചിരുന്നു. നിരവധി തവണ പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും വയത്തൂരിലുള്ള ജനവാസ മേഖലയിലെ ഒരു കശുമാവിന്‍ തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. തുരത്താന്‍ വൈകുന്ന സാഹചര്യത്തില്‍ ടൗണിലെ കടകള്‍ അടയ്ക്കാനും വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയും നല്‍കിയിരുന്നു. ഉളിക്കലിലെ ഒന്‍പത് മുതല്‍ 14 വരെയുള്ള വാര്‍ഡുകളിലെ തൊഴിലുറപ്പ് ജോലികളും നിര്‍ത്തിവച്ചിരുന്നു.
إرسال تعليق