Join News @ Iritty Whats App Group

ചായകുടിക്കാന്‍ കാർ നിര്‍ത്തിയ അടയ്ക്കാ വ്യാപാരിക്ക് ഡിക്കിയില്‍ നിന്ന് നഷ്ടമായത് ഒരു കോടി രൂപ

ബെംഗളൂരു: ബിസിനസ് യാത്രക്കിടെ വ്യാപാരിക്ക് നഷ്ടമായത് ഒരു കോടി രൂപ. യാത്രക്കായി വാടകയ്ക്കെടുത്ത കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇത്രയുമധികം തുക ഡിക്കിയിലുണ്ടെന്ന് അറിയാവുന്ന ക്യാബ് ഡ്രൈവറിന്റെ അറിവോടെയായിരിക്കും മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ചിത്രദുര്‍ഗയ്ക്കടുത്തുള്ള ഭീമസമുദ്ര സ്വദേശിയായ അടയ്ക്ക വ്യാപാരി എച്ച്എസ് ഉമേഷ് നല്‍കിയ പരാതിയില്‍ ഉപ്പാര്‍പേട്ട് പൊലീസ് കേസെടുത്തു.

ഒക്ടോബര്‍ 7 നാണ് സംഭവം, ശനിയാഴ്ചയാണ് പരാതി നല്‍കിയത്. ചിത്രദുര്‍ഗയിലെ ശ്രീ മരുളസിദ്ദേശ്വര ട്രേഡേഴ്സിന്റെ ഉടമസ്ഥതയില്‍ ഉമേഷും സുഹൃത്ത് ജി.ഇ.മല്ലികാര്‍ജുനും ചേര്‍ന്നാണ് കച്ചവടം നടത്തുന്നത്. അവര്‍ കര്‍ഷകരില്‍ നിന്ന് അടക്ക വാങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് പതിവ്. അടുത്തിടെ ഹോളല്‍കെരെ താലൂക്കിലെ താല്യ വില്ലേജിലെ സ്വാമി പിബിയുടെ ഉടമസ്ഥതയിലുള്ള സെഡാന്‍ (രജിസ്ട്രേഷന്‍ നമ്പര്‍ കെഎ-16-എന്‍-8522) ഉമേഷ് വാടകയ്ക്കെടുത്തിരുന്നു.

തുടര്‍ന്ന് പുറപ്പെടുന്നതിന് മുൻപ് പണം നിറച്ച ബാഗ് കാറിന്റെ ഡിക്കിയില്‍ വച്ചു. സ്വാമിയോടൊപ്പം ഉമേഷ് തുംകുരു ജില്ലയിലെ പല സ്ഥലങ്ങളിലും കര്‍ഷകരെ കാണാന്‍ പോയി. യാത്രയ്ക്കിടെ ഇയാള്‍ ബാഗ് തുറന്നില്ലെന്നും പൊലീസ് പറയുന്നു. ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ, ഉമേഷും സ്വാമിയും ഉച്ചയ്ക്ക് 2 മണിയോടെ ഗാന്ധിനഗറിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഇറങ്ങി. പിന്നീട് ബെംഗളൂരുവില്‍ പഠിക്കുന്ന മകളെയും ചന്ദ്ര ലേഔട്ടിലെ മറ്റൊരു ബന്ധുവിനെയും ഇവര്‍ കണ്ടു.

മടക്കയാത്രയില്‍ ചായകുടിക്കാന്‍ ഹൈവേയിലെ ഒരു റെസ്റ്റോറന്റില്‍ വണ്ടി നിര്‍ത്തി. രാത്രി 7.45 ഓടെ ഭീമസമുദ്രത്തില്‍ തിരിച്ചെത്തി ഡിക്കി തുറന്നപ്പോഴാണ് പണംവെച്ച ബാഗ് നഷ്ടപ്പെട്ടതായി മനസിലായത്. ഇതേക്കുറിച്ച് ഉമേഷ്, സ്വാമിയോട് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും പകല്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം തിരിച്ച് പോയി അന്വേഷിച്ചെങ്കിലും ബാഗ് കണ്ടെത്താനായില്ല. അതേസമയം, മോഷണവുമായി ബന്ധപ്പെട്ട് നാലുപേരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group