Join News @ Iritty Whats App Group

ജെഡിഎസ് ബിജെപിയില്‍ പോയത് കേരളാഘടകത്തിന്റെയും പിണറായിയുടെയൃ കൂടി അറിവോടെയെന്ന് ദേവഗൗഡ

ബംഗലുരു: കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപി നയിക്കുന്ന എന്‍ഡിഎ യുടെ ഭാഗമായത് കേരളത്തിലെ ഇടതുപക്ഷം കൂടി അംഗീകരിച്ചാണെന്ന് പാര്‍ട്ടി രക്ഷാധികാരി എച്ച് ഡി ദേവഗൗഡ. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന ഘടകങ്ങളുടെ അംഗീകാരത്തോടെയാണ് ബിജെപിയിലേക്ക് പോയതെന്നും ഇക്കാര്യത്തില്‍ കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ സമ്മതം നല്‍കിയെന്നും ദേവഗൗഡ പറഞ്ഞു.

പാര്‍ട്ടിയുടെ കര്‍ണാടകാ പ്രസിഡന്റ് ഇബ്രാഹീമിനെ പുറത്താക്കിയതായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ''കേരളത്തില്‍ തങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. തങ്ങളുടെ എംഎല്‍എ അവിടെ മന്ത്രിയാണ്. എന്നാല്‍ കേരളാഘടകത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് ബിജെപിയിലേക്ക് പോയത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിലെ തങ്ങളുടെ മന്ത്രിയുടെയും അനുവാദം ഇക്കാര്യത്തില്‍ കിട്ടിയിട്ടുണ്ട്.'' ദേവഗൗഡ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണ് കര്‍ണാടകയില്‍ നീക്കം നടന്നത്.

പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നതെന്ന് പിണറായിക്ക് ബോദ്ധ്യപ്പെട്ടെന്നും അതുകൊണ്ടാണ് ഇടതുസര്‍ക്കാരില്‍ ജെഡിഎസ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പിണറായി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയെന്ന വാദം ജെഡിഎസിന്റെ സംസ്ഥാനഘടകം തള്ളുകയാണ്. പിണറായി ഔദ്യോഗികമായ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എന്‍ഡിഎയുടെ ഘടകകക്ഷിയാകാനുള്ള തീരുമാനം സംസ്ഥാന ഘടകം അംഗീകരിച്ചിട്ടില്ലെന്നും ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

ജെഡിഎസ് ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ പാര്‍ട്ടിയുടെ കര്‍ണാടകാ യൂണിറ്റ് പ്രസിഡന്റ് സി എം ഇബ്രാഹീമിനെ തല്‍സ്ഥാനത്ത് നിന്നും ദേവഗൗഡ മാറ്റുകയും ചെയ്തു. പാര്‍ട്ടി ബി.ജെ.പി.യില്‍ ലയിക്കുന്നതിനെതിരേ എതിര്‍പ്പ് പ്രകടിപ്പിക്കുകയും സ്‌റ്റേറ്റ് വര്‍ക്കിംഗ് കമ്മറ്റിയില്‍ ഉള്‍പ്പാര്‍ട്ടി വിപ്ലവം നടത്തിയതിന്റെ പേരിലുമാണ് ഇബ്രാഹീമിനെ മാറ്റിയത്. പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രിയും മകനുമായ എച്ച്ഡി കുമാരസ്വാമിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവ് കൂടിയാണ് കുമാരസ്വാമി. അതിനിടെ ജെഡിഎസിലെ സമാനചിന്താഗതിക്കാരെ കൂട്ടി മറ്റൊരു പാര്‍ട്ടിയുണ്ടാക്കുമെന്ന് ഇബ്രാഹീം ഒക്‌ടോബര്‍ 16 ന് പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു കോര്‍ കമ്മറ്റി വിളിച്ച് ബിജെപിയില്‍ ചേരുന്നതിനെതിരേ മെമ്മോറാണ്ടം പാര്‍ട്ടി നേതാവിന് സമര്‍പ്പിക്കുമെന്നും പറഞ്ഞു. അതേസമയം പാര്‍ട്ടിയിലെ മുസ്‌ളീം നേതാക്കള്‍ അടക്കം ബിജെപിയില്‍ ചേരുന്നതിനെ പിന്തുണച്ചിരിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group