ഗാസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുന്നത് യുഎസ്എയുടെ പൂര്‍ണ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.
ലോകമനസ്സാക്ഷി എന്ന ഒന്ന് ഉണ്ടെങ്കില്‍ ഉണരേണ്ട സമയം ഇതാണെന്ന് അദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ സുഹൃത്ത് ബെഞ്ചമിന്‍ നെത്യാനാഹു ഒരു യുദ്ധക്കുറ്റവാളിയാണ്.
ഗാസയ്ക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം 11 ദിവസം പൂര്‍ത്തിയായി. ഹമാസിന്റെ സൈനികനീക്കത്തില്‍ 1400 ഇസ്രായേലുകാര്‍ മരിച്ചു. 3500 പേര്‍ക്ക് പരിക്കേറ്റു.
അതിനെത്തുടര്‍ന്ന് അധിനേവേശിത ഗാസയില്‍ ഇസ്രായേല്‍ ആരംഭിച്ച പൂര്‍ണ്ണതോതിലുള്ളയുദ്ധത്തില്‍ കഴിഞ്ഞ വരെ കുറഞ്ഞത് 3000 പാലസ്തീനികള്‍ കൊലചെയ്യപ്പെട്ടു. 10,859 പേര്‍ക്ക് പരിക്കുപറ്റി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു. ഇക്കാലത്തുതന്നെ അധിനിവേശിത വെസ്റ്റ് ബാങ്കില്‍ 57 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, 1200 പേര്‍ക്ക് പരിക്കേറ്റു. ഗാസാമുനമ്പില്‍ കൊല്ലപ്പെട്ടവരില്‍ 1000ത്തോളം കുട്ടികളുമുണ്ട്.
ഈ മരണവും മുറിവേല്ക്കലും ദിവസേനെ കൂടിവരുന്നു. ആശുപത്രികള്‍ ഇനി ആളെ എടുക്കാനാവാത്തവിധം നിറഞ്ഞുകവിയുന്നു. ചലവും ചോരയുമാണ് പാലും തേനും ഒഴുകുന്ന നാട് എന്നു പേരുകേട്ട കാനാന്‍ ദേശത്ത് ഇന്ന് ഒഴുകുന്നത്.
യുദ്ധത്തിന്റെ ആദ്യത്തെ ആറുദിവസത്തെ ബോംബിങിന്റെ കണക്ക് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആറായിരം വ്യോമാക്രമണങ്ങളാണ് ഈ ദിവസങ്ങളില്‍ നടത്തിയത്.
ഇറാക്കില്‍ യുഎസ്എ ഒരു വര്‍ഷത്തിലേറെ നടത്തിയ യുദ്ധത്തില്‍ ആ വലിയ രാജ്യത്താകമാനം നടത്തിയ വ്യോമാക്രമണങ്ങളുടെ അത്രയും വരും ഗാസാമുനമ്പ് എന്ന ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചെറുപ്രദേശത്ത് ആറുദിവസം കൊണ്ടു ഇസ്രയേല്‍ നടത്തിയ ഈ ആക്രമണങ്ങള്‍. ഈ വ്യോമാക്രമണങ്ങളെല്ലാം ഗാസയിലെ പൌരജനങ്ങള്‍ക്കുനേരെയും ആശുപത്രികളടക്കമുള്ള പൊതുജനസൌകര്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കു നേരെയും വീടുകള്‍ക്കു നേരെയുമാണ്.
ഗാസമുനമ്പിലേക്കുള്ള വെള്ളം, വൈദ്യുതി, ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയെല്ലാം അധിനിവേശഭരണകൂടമായ ഇസ്രായേല്‍ തടഞ്ഞുവച്ചിരിക്കുകയുമാണ്.
പത്തുലക്ഷം പലസ്തീന്‍കാരാണ് സ്വന്തം നാട്ടില്‍ തന്നെ അഭയാര്‍ത്ഥികളായിരിക്കുന്നത്. പതിറ്റാണ്ടുകളായി അതിര്‍ത്തിവളച്ചുകെട്ടി അധിനിവേശം നടത്തിവച്ചിരിക്കുന്ന സ്ഥലത്തേക്കാണ് ഈ ആക്രമണം മുഴുവന്‍. ഏതാണ്ട് ഒരു ജനവിഭാഗത്തെ വരിഞ്ഞുകെട്ടി വച്ചിട്ട് ആകാശത്തുനിന്ന് ബോംബിട്ട് വീര്യം കാണിക്കുകയാണ് ഇസ്രായേല്‍.
യുദ്ധത്തിനും നിയമങ്ങളുണ്ട്. അന്താരാഷ്ട്ര ധാരണകളുണ്ട്. ചരിത്രത്തിലും പുരാണങ്ങളിലും ഇതിന് രേഖകളുണ്ട്. ആധുനികകാലത്ത്, 1899ലും 1907ലും നടന്ന ഹേഗ് കണ്‍വെന്‍ഷനുകളാണ് യുദ്ധകാലത്ത് പാലിക്കേണ്ട ചില നിയമങ്ങള്‍ രൂപപ്പെടുത്തിയത്. 1949ല്‍ ഒപ്പിട്ട ജനീവ കണ്‍വെന്‍ഷനാണ് പിന്നീട് ഉണ്ടായ ഒരു പ്രധാനനടപടി. 196 രാജ്യങ്ങള്‍ ഈ കണ്‍വെന്‍ഷനിലെ ധാരണകളില്‍ ഒപ്പിട്ടുണ്ട്. ലോകക്രിമിനല്‍കോടതിയുടെ റോം ചട്ടങ്ങളുടെ എട്ടാം ഖണ്ഡമാണ് ആധുനികകാലത്തേക്ക് യുദ്ധക്കുറ്റങ്ങളെ നിര്‍വചിച്ചത്.
ഈ നിയമങ്ങളനുസരിച്ച് പലരും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്, അമേരിക്കക്കാരും ഇസ്രേലികളുമൊഴികെ. സിവിലിയന്മാരെയോ വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സിവിലിയന്‍ സൌകര്യങ്ങളേയോ ആക്രമിക്കരുത് എന്നത് യുദ്ധനിയമത്തിന്റെ ആധാരശിലകളിലൊന്നാണ്. ഇസ്രായേല്‍ ഇത് നിസ്സങ്കോചം ലംഘിക്കുന്നു. യുദ്ധത്തടവുകാരെ കൊല്ലരുത്, അപമാനിക്കരുത്. ഇസ്രായേല്‍ ഇതിന് തെല്ലും വിലവയ്ക്കുന്നില്ല. ബന്ദികളെ വയ്ക്കരുത്. ഇസ്രായേലും ഹമാസും നൂറുകണക്കിന് ബന്ദികളെ പിടികൂടി വച്ചിരിക്കുന്നു.
ആണവായുധം, രാസായുധം എന്നിവപോലെ നിരോധിക്കപ്പെട്ട ആയുധങ്ങള്‍ ഉപയോഗിക്കരുത്. ഇസ്രായേല്‍ ഈ നിയമവും ലംഘിക്കുന്നു. പൌരരെ നിര്‍ബന്ധിത പലായനത്തിന് പ്രേരിപ്പിക്കരുത്. വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് തോക്കിന്‍മുനയില്‍ ആവശ്യപ്പെടുന്നത് ഈ നിയമത്തിന്റെ ലംഘനമല്ലാതെ മറ്റൊന്നുമല്ല. ബലാത്സംഗം, ലൈംഗികഅടിമയാക്കി വയ്ക്കുക തുടങ്ങിയ അക്രമങ്ങള്‍ ചെയ്യരുത്. അധിനിവേശിതജനതയ്ക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ നിഷേധിക്കരുത് എന്നതും ഒരു യുദ്ധനിയമമാണ്.
ഇതും ഒരു കരുണയുമില്ലാതെ ലംഘിക്കുകയാണ് ഇസ്രായേല്‍.
നമ്മുടെ തലമുറകണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് ഇന്ന് പല്‌സ്തീനില്‍ ഉണ്ടായിവരുന്നത്. രണ്ടാംലോകമഹായുദ്ധവും ജൂതര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നേരെ നടന്ന കൂട്ടക്കൊലകളും നമ്മുടെ തലമുറയ്ക്കു മുമ്പായിരുന്നു. ഈ നരഹത്യ അടിയന്തിരമായി നിറുത്താന്‍ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യസ്‌നേഹികളും തെരുവുകളിലേക്കിറങ്ങേണ്ട കാലമായെന്ന് അദേഹം പറഞ്ഞു.
إرسال تعليق