കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തുന്നവര്‍ സാധാരണയായി ഉണ്ണിയപ്പം വാങ്ങാതെ മടങ്ങാറില്ല. ഭക്തര്‍ക്ക് പ്രിയപ്പെട്ട ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ദ്ധനക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് എറണാകുളം സ്വദേശി പിആര്‍ രാജീവ്. പത്ത് ഉണ്ണിയപ്പങ്ങള്‍ ഉള്‍പ്പെടുന്ന പാക്കറ്റിന്റെ വില 30രൂപയില്‍ നിന്ന് 40 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അഭിഭാഷകനായ സുവിധത്ത് സുന്ദരമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈക്കോടതി വിലവര്‍ദ്ധനവിന് ഉത്തരവിട്ടിരുന്നു. അസംസ്‌കൃത സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് ഉന്നയിച്ചാണ് വില വര്‍ദ്ധനവ് അനുകൂലിച്ച് ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഒരു പാക്കറ്റ് ഉണ്ണിയപ്പം വില്‍ക്കുമ്പോള്‍ 25 രൂപ അസംസ്‌കൃത വസ്തുക്കള്‍ക്കും 15 രൂപ ലാഭ വിഹിതം ഉണ്ണിയപ്പം ഉണ്ടാക്കുന്നവര്‍ക്കും നല്‍കണമെന്നാണ് ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അനുപാതത്തില്‍ വ്യത്യാസം വരുത്തി 22 രൂപ അസംസ്‌കൃത വസ്തുക്കള്‍ക്കും 18 രൂപ ലാഭമായി ഉണ്ണിയപ്പം ഉണ്ടാക്കുന്നവര്‍ക്കും നല്‍കണം എന്നാക്കി. ഇതേ തുടര്‍ന്ന് ഉണ്ണിയപ്പം ഉണ്ടാക്കുന്നവരുടെ ലാഭം ഉയര്‍ന്നുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
إرسال تعليق