കൊച്ചി: കേന്ദ്രമന്ത്രിയെ ഇന്നലെ വിഷം എന്നാണ് പറഞ്ഞതെങ്കിൽ ഇന്ന് കൊടുംവിഷം വമിപ്പിക്കുന്ന വർഗീയവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ. രാജീവ് ചന്ദ്രശേഖർ നടത്തിയത് വിടുവായത്തമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പലസ്തീൻ അനുകൂലികളെ കേസിൽ പെടുത്താനാണ് രാജീവ് ചന്ദ്രശേഖറും കൂട്ടരും ശ്രമിക്കുന്നത്. രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം. ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. പോലീസ് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണു രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കൂട്ടാളികളും നടത്തുന്നത്. അവർ അത്തരം പ്രത്യേക മാനസികാവസ്ഥയിലാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നല്ല രീതിയിലാണു മുന്നോട്ടു പോകുന്നത്. കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിൻ പറഞ്ഞതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നു പോലീസ് അന്വേഷിക്കും.
പരുക്കേറ്റവർക്ക് ആശുപത്രിയിൽ നല്ല രീതിയിലുള്ള ചികിത്സയാണു നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ചെലവുകൾ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഫോടനം നടന്ന കളമശേരിയിലെ കൺവൻഷൻ സെന്ററും പരുക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
إرسال تعليق