Join News @ Iritty Whats App Group

ഇരച്ചുകയറിയത് നൂറുകണക്കിന് പേര്‍!, റഷ്യന്‍ വിമാനത്താവളത്തില്‍ ഇസ്രയേല്‍ യാത്രക്കാര്‍ക്കുനേരെ ആക്രമണ ശ്രമം



മോസ്കോ/ടെല്‍ അവീവ്: റഷ്യൻ വിമാനത്താവളത്തിൽ ഇസ്രയേലിൽനിന്നുള്ള യാത്രക്കാർക്കുനേരെ ജനക്കൂട്ടത്തിന്‍റെ ആക്രമണ ശ്രമം. നൂറു കണക്കിന്
ആളുകൾ ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറി കലാപം അഴിച്ചുവിട്ടതോടെ വിമാനത്താവളം അടച്ചു.  ഇസ്രായേലിലെ ടെൽ അവീവിൽനിന്നുള്ള വിമാനം റഷ്യയിലെ ഡാഗ്സ്റ്റൻ വിമാനത്താവളത്തിൽ ഇറങ്ങിയതും നൂറു കണക്കിനു പ്രദേശവാസികൾ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആരും പുറത്തിറങ്ങരുതെന്ന് പൈലറ്റ് നിർദേശം നൽകിയതിനാൽ യാത്രക്കാർ ആൾക്കൂട്ടത്തിന്റെ കയ്യിൽപ്പെട്ടില്ല.

സംഘര്‍ഷം മണിക്കൂറുകളോളം നീണ്ടുനിന്നു. അക്രമസംഭവത്തില്‍ 60 പേർ അറസ്റ്റിലായെന്നും  വിമാനത്താവളം അടച്ചുവെന്നും റഷ്യൻ അധികൃതർ അറിയിച്ചു. റഷ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ ഡാഗ്സ്റ്റനിൽ ഇസ്രയേലിൽ നിന്നുള്ള യാത്രക്കാർക്കുനേരെ ഭീഷണി ഉയർന്നതിനെതിരെ അമേരിക്ക രംഗത്തെത്തി. ആഗോളതലത്തിൽ ജൂതവിരുദ്ധ വികാരം വളർത്താനുള്ള ശ്രമങ്ങൾ അപലപിക്കപ്പെടണമെന്ന് അമേരിക്ക പ്രതികരിച്ചു.  ഇസ്രയേലി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യയ്ക്ക് കഴിയണമെന്ന് ഇസ്രയേലും പ്രതികരിച്ചു.

അതേസമയം, ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണവും കരയുദ്ധവും തുടരുകയാണ്. ഗാസയിലെ പ്രധാന ആശുപത്രികളിൽ ഒന്ന് ഒഴിയണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. അത്യാഹിത വിഭാഗത്തിൽ അടക്കം നൂറു കണക്കിന് രോഗികൾ ഉള്ള ആശുപത്രി ഒഴിയാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.ആശുപത്രിയുടെ സമീപത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിൽ ഹമാസിന്റെ 600 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group