ഗാസയ്ക്ക് മേൽ ആക്രമണം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. ഇനിയും ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് മുന്നറിയിപ്പ്. ഗാസ സിറ്റിയിലെ ജനങ്ങളോട് തെക്ക്ഭാഗത്തേക്ക് പലായനം ചെയ്യാൻ ഇസ്രയേൽ നിർദേശം നൽകി. ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുള്ള ലഘുലേഖകൾ ഇസ്രയേൽ ഗാസയിൽ വിതരണം ചെയ്തു.
വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം ഗാസാ മുനമ്പിൽ കടന്നാൽ ഇസ്രയേൽ സൈന്യം കനത്ത വില നൽകേണ്ടി വരുമെന്ന് ലബനോൻ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചു. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികർ ഇറങ്ങിക്കഴിഞ്ഞെന്ന് ഉന്നത നേതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗാസയിൽ നിന്ന് പലസ്തീനിലെ ഭരണസിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിലേക്കും അരക്ഷിതാവസ്ഥ വ്യാപിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിന്റെ ആക്രമണത്തിൽ രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം ആരോപിച്ചു. വെസ്റ്റ് ബാങ്കിലെ ഹമാസ് കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തെന്നാണ് പുറത്തുവരുന്ന വിവരം. യുദ്ധം ആരംഭിച്ച് പതിനാല് ദിവസത്തിന് ശേഷം ഇന്നലെ ഗാസയിലേക്ക് സഹായമെത്തുകയും രണ്ട് അമേരിക്കൻ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ യുദ്ധത്തിന് നേരിയ അയവ് വന്നേക്കുമെന്ന പ്രതീക്ഷ ഉയർന്നിരുന്ന സാഹചര്യത്തത്തിലാണ് വിട്ടുവീഴ്ചയില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്.
إرسال تعليق