ഇരിട്ടി: സംസ്കൃതം ദിനാചരണത്തിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന തല ഷോർട്ട് ഫിലിം മത്സരത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സംസ്കൃതം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ 'സുഹൃദയം' ഷോർട്ട് ഫിലിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ ചിത്രത്തിൽ അഭിനയിച്ച ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അമിത്രാജിത്ത് മികച്ച നടനുള്ള പുരസ്ക്കാരവും സ്വന്തമാക്കി.
സംസ്ഥാന തലത്തിൽ വിവിധ ജില്ലകളിൽ നിന്നായി മത്സരിച്ച പത്തോളം ചിത്രങ്ങളെ പിന്നിലാക്കിയാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സംസ്കൃതം ക്ലബ്ബിൻ്റെ സുഹൃദയം ഒന്നാം സ്ഥാനം നേടിയത്. 'ഗുണ്ട് ഫെയിം' അജിത്ത് പുന്നാട് ആണ് ഹ്രസ്വ ചിത്രത്തിൻ്റെ മലയാളം രചന നിർവ്വഹിച്ചത് . സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ സംസ്കൃതം കലാ പ്രതിഭയും സിവിൽ എക്സൈസ് ഓഫിസറുമായ സന്ദീപ്. ജി സംവിധാനവും സംഗീത സംവിധായകൻ സിബിച്ചൻ ഇരിട്ടിസംഗീതവും ഒരുക്കി. എഡിറ്റിങ് ലെജി നെല്ലൂന്നിയും, ക്യാമറ വിമൽ തമ്പിയും, നിർമ്മാണം സംസ്കൃതം സീനിയർ അധ്യാപകൻ എം. പുരുഷോത്തമനുമാണ്.
വിദ്യാർത്ഥികളായ കെ.അദ്വൈത്, എ. അമിത്രാജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രത്തിൽ പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ, അധ്യാപകരായ എം. പുരുഷോത്തമൻ, പി. മനീഷ്, സി.ഹരീഷ് , രഞ്ജിത്ത്, എം.ശ്രീജേഷ്, കെ. സി. സിജിമോൾ, ടി.വി. ശ്രീകല, കെ.പി. അഖില എന്നിവരും അഭിനേതാക്കളാണ്. വിദ്യാലയങ്ങളിലെ പാവപ്പെട്ടവരും ധനികരും ആയ വിദ്യാർഥികളുടെ ഇടയിൽ ഉണ്ടാവുന്ന പരസ്പര സ്നേഹത്തിൻ്റെ ഒരു നേർക്കാഴ്ചയാണ് ചിത്രത്തിലെ പ്രതിപാദ്യം.
إرسال تعليق